ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത
മറിപ്പുഴയിൽ പ്രവൃത്തി തുടങ്ങി

ആനക്കാംപൊയിൽ - കള്ളാടി മേപ്പാടി തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിൽ റോഡ് നിർമാണം തുടങ്ങിയപ്പോൾ
സ്വന്തം ലേഖകൻ മുക്കം സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാത ആരംഭിക്കുന്ന ജില്ലയിലെ ആനക്കാംപൊയിൽ മറിപ്പുഴ ഭാഗത്ത് പ്രാരംഭ പ്രവൃത്തി ആരംഭിച്ചു. മറിപ്പുഴയിൽ താൽക്കാലിക പാലം നിർമിക്കുന്ന സ്ഥലത്തേക്കുള്ള റോഡ് നിർമാണമാണ് തുടങ്ങിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് റോഡ് വെട്ടുന്നത്. മറിപ്പുഴയിൽ മേജർ പാലം നിർമിക്കുന്നതിന് മുന്നോടിയായി താൽക്കാലിക പാലമാണ് ആദ്യം നിർമിക്കുക. അതിലേക്കുള്ള റോഡ് നിർമാണമാണ് പുരോഗമിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ കൂടുതൽ യന്ത്രസാമഗ്രികൾ സ്ഥലത്തെത്തിക്കും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽനിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് പാതയുടെ അലൈൻമെന്റ്. മറിപ്പുഴയിൽ നിർമിക്കുന്ന മേജർ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക. രണ്ടുവരി സമീപന റോഡും കുണ്ടൻതോടിൽ 75 മീറ്റർ നീളത്തിൽ രണ്ടുവരി പാലവും ഉണ്ടാവും. തുരങ്കപാത അവസാനിക്കുന്ന വയനാട് മേപ്പാടി മീനാക്ഷിയിൽ റോഡ് നിർമാണം പുരോഗമിക്കുകയാണ്. മീനാക്ഷിയിൽ ഇതിനകം കൂടുതൽ യന്ത്രസാമഗ്രികൾ എത്തിച്ചു.










0 comments