കാറ്റും മഴയും വീടെടുത്തു; ജയകുമാറിന് സ്നേഹവീടൊരുക്കി സിപിഐ എം

പുത്തംപറമ്പത്ത് ജയകുമാറിന് സിപിഐ എം നേതൃത്വത്തിൽ നിര്‍മിച്ച പുതിയ വീട്
ശ്രീനിവാസൻ ചെറുകുളത്തൂർ
Published on Mar 28, 2025, 03:31 AM | 1 min read
കുന്നമംഗലം
കഴിഞ്ഞവർഷത്തെ മഴയിലും കാറ്റിലും വീട് തകർന്ന പുത്തംപറമ്പത്ത് ജയകുമാറിന് സിപിഐ എം നേതൃത്വത്തിൽ പുതിയ വീടൊരുക്കി. 2024 ജൂൺ 26നാണ് ജയകുമാറിന്റെ വീട് തകർന്നത്. തൊട്ടുപിന്നാലെ താൽക്കാലിക താമസ സൗകര്യമൊരുക്കി സിപിഐ എം പുവ്വാട്ടുപറമ്പ് ലോക്കൽ കമ്മിറ്റിയും ചെറുകുളത്തൂരിലെ നാട്ടുകാരും ജയകുമാറിനെയും കുടുംബത്തെയും ചേർത്തുപിടിച്ചു. സ്നേഹഭവനത്തിലേക്ക് ഞായറാഴ്‌ച ജയകുമാറും കുടുംബവും താമസം മാറും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജയകുമാറിനും ഭാര്യ സത്യഭാമയ്‌ക്കും മകൻ നീരജിനും അധികകാലം താൽക്കാലിക കേന്ദ്രത്തിൽ താമസിക്കേണ്ടിവരില്ലെന്ന ഉറപ്പാണ് നിറവേറ്റപ്പെട്ടത്. വീട് നിർമാണ കമ്മിറ്റി രൂപീകരിച്ച് ഒമ്പത് മാസംകൊണ്ട് പുതിയ വീടൊരുക്കി ജയകുമാറിന് നൽകി. സിപിഐ എം പുവ്വാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം ടി രവീന്ദ്രൻ ചെയർമാനും ടി മധുസൂദനൻ കൺവീനറും പരിയങ്ങാട് തടായി ബ്രാഞ്ച് സെക്രട്ടറി അബ്ദുറഹിമാൻ ട്രഷററുമായ കമ്മിറ്റിയാണ് സ്നേഹവീടിന്റെ നിർമാണം പൂർത്തിയാക്കിയത്. പരിയങ്ങാട് തടായി ബ്രാഞ്ചംഗമാണ് പി പി ജയകുമാർ. രണ്ട് ബെഡ് റൂം, ഡൈനിങ് ഹാൾ, അടുക്കള, വർക്ക് ഏരിയ, രണ്ട് ബാത്ത് റൂം, സിറ്റൗട്ട്, സ്റ്റെയർ റൂം എന്നിവ ഉൾപ്പെട്ടതാണ് വീട്.









0 comments