രയരോത്ത് വീട്ടിലെ ‘വനപാലക’

സുഭാഷ് ചന്ദ്രബോസും ഇന്ദിര ടീച്ചറും വടകര കൈനാട്ടിയിലെ ‘കുട്ടിവനത്തിൽ’
എം ജഷീന
Published on Jan 02, 2025, 02:28 AM | 1 min read
കോഴിക്കോട്
ചന്ദനവും മഹാഗണിയും കരിമരവും വീട്ടിയും സമൃദ്ധമാക്കുന്ന പച്ചപ്പ്. ആ തണലിൽ മധുരവും പുളിയും പകർന്ന് മൾബറിയും ഞാവലും രാജാപുളിയും. സുഗന്ധം നിറച്ച് ഊദും ഔഷധമായി ദന്തപ്പാലയും ഇരട്ടിമധുരവുമെല്ലാം ഇഴചേർന്ന് വളർന്ന് പന്തലിച്ചപ്പോൾ വീട് ‘കാടാ’യി. വനപാലകയായി 73 കാരി ഇന്ദിര ടീച്ചറും. വീടിനോട് ചേർന്ന ചെങ്കൽപ്പാറയായ പറമ്പിനെ ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ ചെറുവനമാക്കിയിരിക്കുകയാണ് വടകരക്കടുത്ത് കൈനാട്ടി രയരങ്ങോത്ത്, രയരോത്ത് വീട്ടിലെ ഇന്ദിര. അപൂർവ ഇനമുൾപ്പെടെ 250ഓളം മരങ്ങളും നൂറിലധികം ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുമാണ് 33 സെന്റ് ഭൂമിയെ ഹരിതാഭമാക്കുന്നത്. പറമ്പിലെ കുളത്തിൽ ഗപ്പിയും വരാലും കട്‌ലയുമൊക്കെയുണ്ട്. പൂമ്പാറ്റയും കിളികളുമെല്ലാം ചേരുമ്പോൾ രയരോത്ത് വീട് ജൈവവൈവിധ്യത്തിന്റെ മാതൃകാ കലവറ തന്നെയാകുന്നു. ഇന്ദിരക്ക് പിന്തുണയുമായി ജീവിതപങ്കാളിയും അഭിഭാഷകനുമായ സുഭാഷ് ചന്ദ്രബോസും കൂടെയുണ്ട്. നാദാപുരം റോഡ് ആത്മവിദ്യാലയം എൽപി സ്‌കൂളിൽനിന്ന് 2007ൽ വിരമിച്ചശേഷം മരങ്ങളുടെയും ചെടികളുടെയും പിറകേയായി ഇന്ദിര. കാർഷികമേളകളിൽനിന്നും വിദേശങ്ങളിൽനിന്നുമെല്ലാം ചെടി സംഘടിപ്പിച്ചു. വില കൂടിയ ദുരിയാൻ പഴം, ബിരിയാണി രംഭ, ഷുഗർ പ്ലാന്റ്, 1500 രൂപ വിലയുള്ള കെപ്പൽ, വയ്യങ്കത, മഹക്കോട്ട ദേവി, മിറാക്കിൾ ഫ്രൂട്ട്... അങ്ങനെ ഇവിടെയില്ലാത്ത ചെടികളില്ല. ആവശ്യമുള്ള ജൈവവളവും സ്വന്തമായി ഉണ്ടാക്കും. ‘മരങ്ങളും ചെടികളും കിളികളും മീനുകളുമെല്ലാം മക്കളെപ്പോലെയാണ്. ഇവരെ കാണാതെ, പരിപാലിക്കാതെ ഒരു ദിവസം കഴിയാനാവില്ല. എന്റെ സന്തോഷവും ഊർജവും ഇവരാണ്’–- ഇന്ദിര പറഞ്ഞു. ജൈവ വൈവിധ്യ ബോർഡിന്റെ മികച്ച സംരക്ഷക കർഷക പുരസ്‌കാരം, വനമിത്ര അവാർഡ്, മത്സ്യ കർഷകയ്ക്കുള്ള പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും തേടിയെത്തി. ചോറോട് പഞ്ചായത്തിലെ അവരുടെ പച്ചത്തുരുത്ത് സന്ദർശിക്കാൻ നിരവധിയാളുകളെത്താറുണ്ട്. മൂത്തമകൻ അനൂപ് ബോസ് വിദേശത്തും ആദർശ് ബോസ് ബംഗളൂരുവിലും ജോലിചെയ്യുന്നു.










0 comments