ad
Deshabhimani

വർഗീയവാദികളെ അകറ്റിനിർത്താൻ യുഡിഎഫ്‌ തയ്യാറാകുന്നില്ല: എം സ്വരാജ്‌

കോഴിക്കോട് നോർത്ത് മണ്ഡലം എൽഡിഎഫ് വികസന മുന്നേറ്റ ജാഥ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് നോർത്ത് മണ്ഡലം എൽഡിഎഫ് വികസന മുന്നേറ്റ ജാഥ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 01, 2026, 02:12 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ ജനാധിപത്യത്തിൽ വർഗീയവാദികളെ അകറ്റിനിർത്തുകയെന്ന മര്യാദപാലിക്കാൻ യുഡിഎഫ്‌ തയ്യാറാകുന്നില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നയിക്കുന്ന നോർത്ത്‌ മണ്ഡലം വികസന മുന്നേറ്റ ജാഥ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം തിരിച്ചുപിടിക്കാൻ ഏത്‌ വർഗീയശക്തിയുമായി കൂട്ടുചേരാൻ യുഡിഎഫ്‌ തയ്യാറാകുന്നു. വർഗീയവാദികളുടെ തോളിൽ കൈയ്യിട്ടാണ്‌ മുന്നോട്ടുപോകുന്നത്‌. കഴിഞ്ഞ പത്തുവർഷത്തിൽ കേരളം വർഗീയ സംഘർഷവും കലാപവുമില്ലാത്ത നാടായി മാറി. യുഡിഎഫ്‌ അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം വർഗീയ സംഘർഷത്തിൽ പാവപ്പെട്ട മനുഷ്യർ മരിച്ചുവീഴുന്ന സാഹചര്യമുണ്ടായി. വർഗീയവാദികളോട്‌ മുഖംകറുപ്പിച്ച്‌ പറയാൻ യുഡിഎഫിനാകില്ല. എല്ലാ വർഗീയതയ്ക്കുമെതിരായ പോരാട്ടം ഏറ്റെടുത്ത ചരിത്രമാണ്‌ എൽഡിഎഫിനുള്ളത്‌. ഏത്‌ സാഹചര്യത്തിലും വർഗീയതയുമായി കൂട്ടുകെട്ടില്ല എന്നതാണ്‌ ഇടതുപക്ഷ നിലപാട്‌. മതിലുകെട്ടിയും മറകെട്ടിയും ദാരിദ്ര്യം മറച്ചുപിടിക്കേണ്ട, പട്ടിണിയുടെ റിപ്പബ്ലിക്കായി ഇന്ത്യ മാറി. ആഗോള വിശപ്പ്‌ പട്ടികയിൽ 102ാം സ്ഥാനത്താണ്‌ ഇന്ത്യ. ആ രാജ്യത്താണ്‌ ഏതൊരു രാജ്യത്തോടും കിടപിടിക്കാൻ കേരളം പര്യാപ്തമായിരിക്കുന്നത്‌. 1957ൽ ഇ എം എസ്‌ സർക്കാർ ആരംഭിച്ച ഇടതുപരിപ്രേക്ഷ്യത്തിന്റെ തുടർച്ചയാണ്‌ ബിരുദപഠനം സ‍ൗജന്യമാക്കിയുള്ള ബജറ്റ്‌ പ്രഖ്യാപനം. കേരളമാർജിച്ച മാറ്റങ്ങളെ ത്വരിതഗതിയിലാക്കിയത്‌ കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ്‌ ഭരണമാണ്‌. അടിസ്ഥാനരഹിത വിമർശമുന്നയിക്കുന്നവർ സ്വന്തം ഭൂതകാലത്തിലേക്ക്‌ തിരിഞ്ഞുനോക്കണം. യുഡിഎഫ്‌ കാലത്ത്‌ ഇരുട്ടിലായ കേരളമല്ല ഇന്നുള്ളത്‌. മുഖച്ഛായ മാറ്റുന്ന വിസ്മയകരമായ വളർച്ചയാണ്‌ കേരളം സ്വന്തമാക്കിയത്‌. വ്യത്യസ്ത രാഷ്ട്രീയമുള്ളവരും ഇ‍ൗ മാറ്റത്തെ അംഗീകരിക്കും. നാട്‌ ഇനിയും മുന്നേറാനും പശ്ചാത്തലസ‍ൗകര്യം വിപുലമാക്കാനും ക്ഷേമപ്രവർത്തനങ്ങൾ തുടരാനും ഇടതുപക്ഷത്തിനേ സാധിക്കൂവെന്നും സ്വരാജ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home