ad
Deshabhimani

തുടരും ചുരത്തിലെ 
ഗതാഗതക്കുരുക്ക്‌......

താമരശേരി ചുരത്തിൽ ഞായറാഴ്‌ച രാവിലെയുണ്ടായ കുരുക്കിൽ കുടുങ്ങിയ വാഹനങ്ങളുടെ നിര

താമരശേരി ചുരത്തിൽ ഞായറാഴ്‌ച രാവിലെയുണ്ടായ കുരുക്കിൽ കുടുങ്ങിയ വാഹനങ്ങളുടെ നിര

വെബ് ഡെസ്ക്

Published on Jan 05, 2026, 01:38 AM | 1 min read

താമരശേരി താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന്‌ ഞായറാഴ്‌ചയും തുടർച്ച. പുലർച്ചെ അഞ്ചോടെ തുടങ്ങിയ ഗതാഗതക്കുരുക്ക്‌ രാവിലെ ഒന്പതുവരെ നീണ്ടു. ഏറ്റവുമധികം വീതിയുള്ള രണ്ടാംവളവിലടക്കം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന കാഴ്‌ചയായിരുന്നു. മുൻദിവസങ്ങളിൽ വാഹനങ്ങളുടെ യന്ത്രത്തകരാറും അപകടങ്ങളുമൊക്കെയായിരുന്നു കുരുക്കിന്‌ കാരണമായിരുന്നതെങ്കിൽ ഞായറാഴ്‌ച പ്രധാനമായും -ട്രാഫിക് നിയന്ത്രണങ്ങൾ ലംഘിച്ച്‌ വാഹനങ്ങൾ എത്തിയതാണ്‌ വലിയ ഗതാഗതക്കുരുക്കിന്‌ കാരണമായത്‌. ഒരുഘട്ടത്തിൽ വാഹനങ്ങളുടെ നിര വെസ്റ്റ് കൈതപ്പൊയിൽവരെ എത്തിയിരുന്നു. വാഹനങ്ങളുടെ അനിയന്ത്രിത ബാഹുല്യവും നിയമലംഘനങ്ങളും കാരണം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയായിരുന്നു. മാന്യയാത്രക്കാരെ ഒന്ന്‌ കേൾക്കൂ..... ചുരം യാത്രക്കാരോട്‌ പൊലീസും ചുരത്തിലെ ഗതാഗതം നിയന്ത്രിക്കുന്ന സന്നദ്ധ പ്രവർത്തകരും പറയുന്നത്‌ ഒന്ന്‌ കേൾക്കണം നിങ്ങൾ. ചുരത്തിൽ കാറുകളും ചെറിയ വാഹനങ്ങളും ചരക്കുമായി കയറുന്ന വാഹനങ്ങളെ ദയവുചെയ്‌ത്‌ ഹെയർപിൻ വളവുകളിൽ ഓവർടേക്ക്‌ ചെയ്യാതിരിക്കണം. അപ്രതീക്ഷിതമായി ഇവർ കയറുന്നതോടെ വളയ്‌ക്കുന്ന വാഹനം പെട്ടന്ന്‌ ബ്രേക്ക്‌ ചെയ്യുന്പോൾ ആക്‌സിൽ തകർന്ന്‌ ഗതാഗത തടസ്സമുണ്ടാകുന്നു. കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് പലയിടങ്ങളിലായി ഗതാഗതതടസ്സം തീർത്തത്. നിരോധം പേപ്പറിൽ
 മാത്രമോ.... അവധിക്കാലത്തെ വാഹനപ്രവാഹം കണക്കിലെടുത്ത് രാത്രി ഒന്പതുവരെ കോഴിക്കോട് റൂറൽ പൊലീസ് ചുരം പാതയിൽ മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾക്ക് നിരോധമേർപ്പെടുത്തി യിരുന്നെങ്കിലും ഒട്ടേറെ ഭാരവാഹനങ്ങൾ നിയന്ത്രണസമയത്തും ചുരംപാതയിലെത്തി. ഇത് ഗതാഗതക്കുരുക്കിന് ആക്കംകൂട്ടി. പുതുവർഷത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ ആസ്വദിക്കാൻ സഞ്ചാരികൾ എത്തിയതോടെയാണ് ചുരത്തിൽ തിരക്കേറിയത്. ചുരം കയറാൻ ശരാശരി മൂന്നര മണിക്കൂറോളമെടുത്തതായി യാത്രക്കാർ പറഞ്ഞു. തഴേയ്ക്ക് ഇറങ്ങാനും ഒന്നരമണിക്കൂറോളം സമയമെടുത്തു. രോഗികളുമായി പോയ ആംബുലൻസുകളും കുരുക്കിൽപ്പെട്ടു. പൊലീസും സന്നദ്ധ പ്രവർത്തകരും ജാഗ്രതയോടെ ഇടപെട്ടാണ് ഒരുപരിധിവരെ കുരുക്കഴിച്ചത്. താമരശേരി ഹൈവേ പൊലീസും അടിവാരം ഔട്ട്പോസ്റ്റ് പൊലീസും ചുരം ഗ്രീൻ ബ്രിഗേഡ്‌സും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home