മാധ്യമത്തിനുമുന്നിൽ ട്രേഡ് യൂണിയൻ നേതാക്കളുടെ സത്യഗ്രഹം

സത്യഗ്രഹം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
ശമ്പള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് മാധ്യമം ദിനപത്രത്തിന്റെ ആസ്ഥാനത്തിനു മുന്നിൽ സത്യഗ്രഹ സമരം നടത്തി. ശമ്പള കുടിശ്ശിക നൽകാത്തതിനെ തുടർന്ന് രണ്ടു മാസമായി തുടരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിലാണ് സത്യഗ്രഹം നടത്തിയത്. സത്യഗ്രഹം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. മാധ്യമം മാനേജ്മെന്റ് മര്യാദ കാണിക്കുന്നില്ലെന്നും ഇനിയും അനീതി തുടർന്നാൽ മുഴുവൻ ഉത്തരവാദിത്വവും മാനേജ്മെന്റിന് മാത്രമായിരിക്കുമെന്നും എളമരം കരീം മുന്നറിയിപ്പ് നൽകി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ രാജീവ് അധ്യക്ഷനായി. സിഐടിയു ദേശീയ സെക്രട്ടറിയും സമരസമിതി കൺവീനറുമായ കെ എൻ ഗോപിനാഥ്, ഐഎൻടിയുസി ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം പി പത്മനാഭൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി, എസ്ടിയു അഖിലേന്ത്യാ പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, സേവ ദേശീയ ഉപാധ്യക്ഷ ഡോ. സോണിയ ജോർജ്, എച്ച്എംഎസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ബിജു ആന്റണി, എഐടിയുസി നേതാവ് പി കെ നാസർ, ടിയുസിഐ സംസ്ഥാന ട്രഷറർ സലിം കുമാർ, എച്ച്എംകെപി സംസ്ഥാന സെക്രട്ടറി എ എസ് രാധാകൃഷ്ണൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി എന്നിവര്‍ സംസാരിച്ചു. സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് സ്വാഗതവും കെഎൻഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് പാലത്ത് നന്ദിയും പറഞ്ഞു. വെള്ളിമാട്കുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന് വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ പി കെ മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ, പി വി മാധവൻ, അഡ്വ. പി എം ഹനീഫ, എൻ കെ സി ബഷീർ, എ ടി അബ്ദു, ബിജു ആന്റണി, ഒ കെ സത്യ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജില്ലാ സെക്രട്ടറി പി കെ സജിത്ത്, ദീപക് ധർമടം, എ വി ഫർദീസ്, മാധ്യമത്തിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.









0 comments