ട്രെയിനിൽ യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാൻ ശ്രമം: പ്രതി പിടിയിൽ

പാലക്കാട്: ട്രെയിനിൽ ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചയാളെ പാലക്കാട് റെയിൽവേ പൊലീസ് പിടികൂടി. ചെന്നൈ സ്വദേശിയായ മാധേശ്വരൻ (29) ആണ് അറസ്റ്റിലായത്. ചൊവ്വ പുലർച്ചെ 3.30-ഓടെ പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തിയ അമൃത എക്സ്പ്രസിന്റെ ജനറൽ കോച്ചിലായിരുന്നു സംഭവം.
കൊല്ലം സ്വദേശിയായ യാത്രക്കാരൻ ഉറങ്ങിക്കിടക്കുന്നതിനിടെ ഇയാളുടെ ബാഗ് അപഹരിക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. ഇതിനിടെ യാത്രക്കാരൻ ഉണർന്നതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസ് സംഘം ഇടപെട്ട് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റെയിൽവേ പൊലീസ് എസ്ഐ കെ ജെ പ്രവീണിന്റെ നേതൃത്വത്തിൽ എഎസ്ഐ സുബൈദ, സിപിഒമാരായ വിഷ്ണു, സന്ദീപ്, സോണിയ, സഫർ അലി ഖാൻ, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.








0 comments