റൈറ്റ്സിൽ 281 അപ്രന്റീസ്

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡ് (RITES Limited) വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026–-27 സാമ്പത്തിക വർഷത്തെ ഒരുവർഷത്തെ അപ്രന്റീഷിപ്പ് പരിശീലന പരിപാടിയുടെ ഭാഗമായി 281 ഒഴിവിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. യോഗ്യരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവർക്ക് ആവശ്യാനുസരണം ഇന്ത്യയിലുടനീളമുള്ള വിവിധ റൈറ്റ്സ് ഓഫീസുകളിലോ പ്രോജക്ട് സൈറ്റുകളിലോ ആയിരിക്കും പരിശീലനം. തസ്തികകൾക്ക് അനുസൃതമായി എൻജിനിയറിങ് ബിരുദം (BE/BTech/BArch), നോൺ–-എൻജിനിയറിങ് ബിരുദം (BA/BBA/BCom/BSc/BCA), മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ പാസായവർക്ക് അപേക്ഷിക്കാം. തത്തുല്യ യോഗ്യതാ പരീക്ഷയിൽ ജനറൽ/ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് കുറഞ്ഞത് 60 ശതമാനം മാർക്കും സംവരണ വിഭാഗങ്ങൾക്ക് (SC/ST/OBC/PwBD) 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം. 2026 നവംബർ അഞ്ച് മുൻനിർത്തി ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 10,560 മുതൽ 15,650 വരെ സ്റ്റൈപൻഡ് ലഭിക്കും. ഉദ്യോഗാർഥികൾ ആദ്യം ഔദ്യോഗിക നാഷണൽ അപ്രന്റീഷിപ്പ് പോർട്ടലുകളിൽ (NATS/NAPS) രജിസ്റ്റർ ചെയ്ത ശേഷം rites.com വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ 25.








0 comments