ad
Deshabhimani

പുതിയ പാലം 20ന്‌ നാടിന്‌ സമർപ്പിക്കും

യാത്ര കളറാവും

20 ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാലത്തെ പുതിയ പാലം

20 ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാലത്തെ പുതിയ പാലം

വെബ് ഡെസ്ക്

Published on Feb 18, 2026, 02:20 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട്‌ ഒരുനാടിന്റെ സ്വപ്‌നങ്ങൾക്കും കാത്തിരിപ്പിനും മഴവിൽ അഴക്‌ നൽകി കനോലി കനാലിന്‌ കുറുകെ സാഭിമാനം തല ഉയർത്തുന്ന ‘പുതിയ പാലം’ 20ന്‌ നാടിന്‌ സമർപ്പിക്കും. ആഘോഷാരവങ്ങളോടെ രാവിലെ ഒന്പതിന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസാണ്‌ പാലം ഉദ്‌ഘാടനം ചെയ്യുക. വർഷങ്ങളായുള്ള നാടിന്റെ ആവശ്യം സാക്ഷാൽക്കരിച്ചതിലൂടെ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണമാവുകയാണ്‌ പുതിയ പാലം. ആർച്ച്‌ മാതൃകയിൽ കനോലി കനാലിനുകുറുകെ 195 മീറ്റർ നീളത്തിലാണ്‌ പുതിയ പാലം. തളി -പുതിയപാലം റോഡിനേയും ഗോവിന്ദപുരം കല്ലിട്ടനട റോഡിനേയും ബന്ധിപ്പിക്കുന്ന പാലത്തിൽ കാൽനട യാത്രക്കാർക്കായി നടപ്പാതയുണ്ട്‌. ഇരുഭാഗത്തെയും സർവീസ്‌ റോഡുകളുടെ പ്രവൃത്തിയും പൂർത്തീകരിച്ചു. പാലത്തിനടിയിലും സമീപത്തുമായി ഏതാനും മിനുക്കുപണികൾ രണ്ട്‌ ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. വീതിയില്ലാത്ത പഴയ പാലം പൊളിയാനായത്‌ മുതലാണ്‌ പ്രദേശത്ത്‌ പുതിയ പാലത്തിനായി ആവശ്യമുയർന്നത്‌. 2007ൽ പാലത്തിനായി നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. 2012ൽ യുഡിഎഫ്‌ സർക്കാർ 40 കോടി വാഗ്‌ദാനം ചെയ്‌തുവെങ്കിലും തുടർനടപടികളുണ്ടായില്ല. തുടർന്നുവന്ന എൽഡിഎഫ്‌ സർക്കാരാണ്‌ കിഫ്‌ബിയിലൂടെ പാലം നിർമിക്കാൻ നടപടി എടുത്തത്‌. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ളവയ്‌ക്ക്‌ 40.97 കോടി രൂപയും നിർമാണത്തിന്‌ 16.53 കോടി രൂപയും വകയിരുത്തി. സ്ഥലമേറ്റെടുക്കൽ ബന്ധപ്പെട്ട കോടതി തീർപ്പുകൾക്ക്‌ ശേഷം 2023ലാണ്‌ നിർമാണം തുടങ്ങിയത്‌. തൂണുകളിലും ആർച്ചിലും പെയിന്റ്‌ ചെയ്ത പാലം കാഴ്‌ചയിലും ആകർഷകമാണ്‌. നടുവിലായി 12 മീറ്ററും വശങ്ങളിൽ 11 മീറ്ററുമാണ്‌ വീതി. ഏഴര മീറ്ററാണ്‌ വാഹനത്തിന്‌ പോകാനുള്ള സൗകര്യം. പഴയ പാലത്തിൽ ഇരുചക്ര വാഹനയാത്രപോലും ബുദ്ധിമുട്ടായിരുന്നു. കേരള റോഡ്‌ ഫണ്ട്‌ ബോർഡി(കെആർഎഫ്‌ബി)ന്റെ ചുമതലയിലായിരുന്നു നിർമാണം. 1947 ലാണ്‌ ഇ‍ൗ ഭാഗത്ത്‌ ആദ്യമായി പാലം പണിതത്‌. മരം കൊണ്ട്‌ പടികളായായിരുന്നു ആദ്യ പാലം. 1982ൽ പുതിയ പാലം പണിതതോടെ കാക്കാത്തെരു എന്നറിയപ്പെട്ടിരുന്ന പ്രദേശം പുതിയ പാലമെന്ന പേരിലായി. ആ പാലമാണിപ്പോൾ പൊളിച്ചത്‌. വലിയ പാലം തുറക്കുന്നതോടെ മിനി ബൈപാസിൽനിന്ന് റെയിൽവേ സ്‌റ്റേഷൻ, തളി, കല്ലായി റോഡ് ഭാഗങ്ങളിലേക്ക്‌ എളുപ്പത്തിലെത്താനാവുന്നതിനൊപ്പം നഗരത്തിലെ ഗതാഗതത്തിരക്കിനും ആശ്വാസമുണ്ടാവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home