കണ്ണുനനയിച്ച് സവാള വില; വിപണിയിൽ ഇടപെടാതെ സർക്കാർ

കോഴിക്കോട്
ആറുമാസത്തിനിടെ സവാള വിലയിൽ മൂന്നിരട്ടിയോളം വർധന. മേയിൽ കിലോയ്ക്ക് 18 മുതൽ 25 വരെ വിലയുണ്ടായിരുന്ന സവാളക്ക് ഒക്ടോബർ അവസാനത്തോടെ 55 മുതൽ 65 രൂപവരെയായി. വിലക്കയറ്റം സാധാരണക്കാരുടെ അടുക്കള ബജറ്റിന് കനത്ത തിരിച്ചടിയായിട്ടും സർക്കാരിന്റെ കൃത്യമായ ഇടപെടലുണ്ടാകുന്നില്ല. ആഗസ്‌തുമുതലാണ് വിലയിൽ വലിയ കുതിപ്പുണ്ടായത്. മേയിൽ കിലോയ്ക്ക് 18 മുതൽ 25 രൂപയായിരുന്നു സവാളവില. ജൂണിൽ 22 മുതൽ 28 രൂപയായും ജൂലൈയിൽ 30–36 രൂപയായും ഉയർന്നു. ആഗസ്‌ത് അവസാനത്തോടെ അമ്പതിനോടടുത്തു. സെപ്‌തംബറിൽ വില വീണ്ടും ഉയർന്ന് കിലോയ്ക്ക് 57 രൂപവരെയെത്തി. നിലവിൽ 55 മുതൽ 65 രൂപയാണ് വില. മെയ് മാസത്തെ അപേക്ഷിച്ച് ഒക്ടോബർ അവസാനത്തെ വിലയിൽ കിലോയ്ക്ക് 37 മുതൽ 40 രൂപയുടെ വർധനയാണുണ്ടായത്. കഴിഞ്ഞവർഷം സെപ്‌തംബറിൽ 28 രൂപയായിരുന്നു വില. നിത്യോപയോഗ സാധനങ്ങളിലൊന്നായ സവാളവിലയിൽ തുടർച്ചയായുണ്ടായ വർധന ഹോട്ടൽ മേഖലയേയും ചെറുകിട ഭക്ഷ്യവ്യാപാരികളെയും ബാധിക്കുന്നു. വിലയിൽ സ്ഥിരതയില്ലാത്തതും ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ നടത്തിയ ഇടപെടലുകളും പരാജയപ്പെട്ടതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. ജില്ലയിൽ വിവിധ ഘട്ടങ്ങളിലായി 12 മെട്രിക് ടൺ സവാളയാണ് ഇറക്കുമതിചെയ്തത്. എന്നാൽ, വിലക്കയറ്റത്തിന് നിയന്ത്രണമിടാൻ ഇത് പര്യാപ്‌തമായിരുന്നില്ലെന്ന് മാത്രമല്ല, വിലയിൽ ഒരുസമയത്തും കുറവ് വരുത്താനും സാധിച്ചില്ല. ഓണത്തിനോടടുത്ത സമയങ്ങളിൽ 10 രൂപകൂടി വർധിച്ചു. സെപ്‌തംബറിൽ വീണ്ടും 10 രൂപകൂടി 60 വരെയായി സവാള വില ഉയർന്നു. ഒക്‌ടോബർ അവസാനിക്കാറാവുമ്പോൾ വില 65ലെത്തി നിൽക്കുകയാണ് സവാളവില.








0 comments