Deshabhimani

കുരുക്കിൽക്കുടുങ്ങി പന്തീരാങ്കാവ്‌

sa

പന്തീരാങ്കാവിലെ ഗതാഗതക്കുരുക്ക്‌

avatar
സ്വന്തം ലേഖിക

Published on Oct 12, 2026, 02:52 AM | 2 min read

ഒളവണ്ണ

പൊടിയും പുകയും ശ്വസിച്ച്‌ ശ്വാസംമുട്ടിയുള്ള ജീവിതത്തിന്‌ എന്ന്‌ പരിഹാരമാകുമെന്ന ചോദ്യത്തിന്‌ ഉത്തരമില്ലാതെ പരസ്പരം നോക്കിനിൽക്കേണ്ട ദുരവസ്ഥയാണിന്ന്‌ പന്തീരാങ്കാവുകാർക്ക്‌. പന്തീരാങ്കാവ്, മാത്തറ, കുന്നത്ത്പാലം, ഇരിങ്ങല്ലൂർ പ്രദേശത്തുകാരാണ്‌ ദുരിതമനുഭവിക്കുന്നത്‌. കാൽനട യാത്രക്കാർക്ക് പോലും യാത്രചെയ്യാനാകാത്ത വിധമുള്ള ഗതാഗതക്കുരുക്ക് ഇവിടെ ഇപ്പോൾ നിത്യ സംഭവമാണ്‌. പന്തീരാങ്കാവ്‌ റോഡ്‌ 18 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള നടപടികൾക്ക്‌ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ടിരുന്നു. മാത്തറ പാലാഴി കുറ്റിക്കാട്ടൂർ റോഡ് വീതികൂട്ടി വികസിപ്പിക്കാൻ കിഫ്‌ബി ഫണ്ടിൽ നിന്ന്‌ 25 കോടി വകയിരുത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ എല്ലാം നിലച്ച മട്ടാണ്‌.

രണ്ട് പദ്ധതികളും നടപ്പിലാക്കിയാലേ ഇ‍ൗ റോഡുകളിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകൂ.

മണക്കടവ്, പെരുമണ്ണ ഭാഗങ്ങളിൽ നിന്നും പന്തീരാങ്കാവിൽ നിന്നുമായി കോഴിക്കോട് സിറ്റി ഭാഗത്തേക്ക്‌ നാൽപ്പതോളം ബസ്സുകളാണ് സർവീസ് നടത്തുന്നത്. രാമനാട്ടുകര ഭാഗത്തുനിന്നും പന്തീരാങ്കാവ് വഴി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് 29 ബസ്സുകളും സർവീസ് നടത്തുന്നുണ്ട്. ഇവയിൽ മിക്ക ബസ്സുകൾക്കും സമയക്രമം പാലിക്കാനാകാത്ത സാഹചര്യമാണുള്ളത്.

ഫറോക്ക്, അരീക്കാട് ഭാഗത്തുനിന്നും കുന്നത്തുപാലം ഇരിങ്ങല്ലൂർ വഴി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന ബസ്സുകളുമുണ്ട്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് മൂലം ബസ്സുകൾ മിക്കപ്പോഴും ട്രിപ്പ്‌ പകുതി വഴിയിൽ അവസാനിപ്പിക്കുകയാണ്‌.

മെട്രോ ആശുപത്രിക്ക്‌ സമീപം സർവീസ് റോഡ് ഇല്ലാത്തതും പ്രതിസന്ധിയാണ്‌.

രാവിലെയും വൈകിട്ടും സ്കൂൾ ബസ്സുകളും ജോലിക്കാരും കടന്നപോകുന്നതിനാൽ തിരക്ക് കൂടുകയാണ്.

ദേശീയപാത 66ൽ ടോൾ പിരിവ്‌ ആരംഭിച്ചതോടെ പന്തീരാങ്കാവിലെയും സമീപപ്രദേശങ്ങളിലെയും ഇടറോഡുകളിൽ വാഹനത്തിരക്ക്‌ കൂടിയിട്ടുണ്ട്‌. കാറുകളടക്കം യാത്രാവാഹനങ്ങൾക്കൊപ്പം ചരക്കുവണ്ടികളും ഇടവഴികളിലൂടെ പോകുന്നുണ്ട്‌.

പന്തീരാങ്കാവ്, ഒളവണ്ണ ഭാഗത്തുനിന്ന് കോഴിക്കോട് സിറ്റി, കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്തേക്കും കോഴിക്കോട് സിറ്റിയിൽ നിന്നും തിരിച്ചുമുള്ള യാത്രക്കാരും, ടോൾ വെട്ടിച്ചു വരുന്നവരുമെല്ലാം മാത്തറ ജങ്ഷൻ, ഒളവണ്ണ ജങ്ഷൻ എന്നിവിടങ്ങളിൽ വന്ന് മുട്ടുന്നതോടെ എല്ലാ വശത്തേക്കുമുള്ള ഗതാഗതം സ്തംഭിക്കും. പൊലീസിനും കുരുക്ക് അഴിക്കാനാകാത്ത സ്ഥിതിയാണ്.

പി ടി എ റഹിം എംഎൽഎയായിരിക്കെ മാങ്കാവ് കണ്ണിപറമ്പ് റോഡിൽ കോന്തനാരി മുതൽ കോട്ടായിതാഴം വരെയുള്ള ഭാഗം നവീകരിക്കാൻ അഞ്ച്‌ കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. കോട്ടായിതാഴം മുതൽ പള്ളിത്താഴം വരെയുള്ള ഭാഗം ബിഎംബിസി നിലവാരത്തിലാക്കാൻ 4.7 കോടിയുടെ പ്രവൃത്തികൾ തുടങ്ങുകയും ചെയ്തിരുന്നു.

​സിപിഐ എം *നിശാധർണ ഇന്ന്

ഗതാഗതക്കുരുക്കിന്‌ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ തിങ്കളാഴ്ച നിശാധർണ നടത്തും. വൈകിട്ട്‌ അഞ്ചരയ്ക്ക്‌ മാത്തറയിലാണ്‌ ധർണ. ദേശീയപാതയിലൂടെ പോകേണ്ട വാഹനങ്ങൾ അതുവഴി പോകുന്നുവെന്ന്‌ അധികൃതർ ഉറപ്പാക്കണമെന്നും എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച റോഡ് വികസനം അടിയന്തമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്‌ സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home