ad
Deshabhimani

കളറായീട്ടാ ഓണം

ഡിടിപിസി ഓണാഘോഷത്തിന്റെ  ഭാഗമായി മാനാഞ്ചിറയിലെ വേദിയിൽ കേരള മാപ്പിളകലാ അക്കാദമി സംഘം അവതരിപ്പിച്ച ഒപ്പന

ഡിടിപിസി ഓണാഘോഷത്തിന്റെ ഭാഗമായി മാനാഞ്ചിറയിലെ വേദിയിൽ കേരള മാപ്പിളകലാ അക്കാദമി സംഘം അവതരിപ്പിച്ച ഒപ്പന

വെബ് ഡെസ്ക്

Published on Aug 28, 2026, 01:20 AM | 2 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ കോടിയുടുത്ത്‌, പൂക്കളമൊരുക്കി, സദ്യയുണ്ട്‌ എല്ലാരും ഓണായപ്പോൾ ആകെ കളറായി തിരുവോണം. നാട്‌ ഓണാവേശത്തിൽ മാവേലിയെ വരവേറ്റു. തിരുവോണം കഴിഞ്ഞ്‌ അവിട്ടം നാളിലും ഓണാഘോഷം മാറ്റ്‌ കുറയാതെ തുടർന്നു. പൂക്കളങ്ങളുടെ വർണ വൈവിധ്യവും ഓണപ്പാട്ടുകളുടെ ഇ‍ൗരടികളും സദ്യയുടെ രുചിയും മനംനിറച്ചു. പലയിടത്തും മഴപെയ്തതോടെ ഓണം അൽപ്പമൊന്ന്‌ കറുത്തു. സദ്യയൊരുക്കാൻ സാധിക്കാത്തവർക്കായി ഹോട്ടലുകൾ കലവറ തുറന്നു. 250 രൂപ മുതൽ മുകളിലേക്കായിരുന്നു വിവിധയിടങ്ങളിൽ സദ്യക്ക്‌ നിരക്ക്‌. തൂശനിലയും 30 കൂട്ടംവരെ വിഭവങ്ങളുമായി സദ്യ വീട്ടിലെത്തി. ഹോട്ടലുകളിലെത്തി കഴിക്കാനും അവസരമുണ്ടായി. തിരുവോണ നാളിൽ വീടുകളിലെ ആഘോഷം കഴിഞ്ഞ്‌ വൈകിട്ട്‌ ആളുകൾ പുറത്തിറങ്ങിയതോടെ നാടും നഗരവും തിരക്കിലമർന്നു. ബീച്ചിലും മാനാഞ്ചിറയിലുമെല്ലാം നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്‌. മാനാഞ്ചിറയിലും ഫ്രീഡം സ്ക്വയറിലും ഭട്ട്‌റോഡ്‌ ബീച്ചിലുമെല്ലാം പരിപാടികൾ കണ്ടാസ്വദിക്കാൻ ആളുകൾ ഒഴുകിയെത്തി. ഫ്രീഡം സ്ക്വയറിൽ ധ്വനിതരംഗ്‌ അവതരിപ്പിച്ച ഡാൻസ്‌ മാനിയയും നരേഷ്‌ അയ്യരുടെയും സുനിൽകുമാറിന്റെയും നേതൃത്വത്തിൽ നടന്ന ഓർക്കസ്ട്രയും ഹരിശങ്കറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന സംഗീത പരിപാടി എന്നിവ ആസ്വദിക്കാൻ നിരവധിപേരെത്തി. ബിജുല ബാലകൃഷ്ണൻ അവതരിപ്പിച്ച കുച്ചുപ്പുടി നൃത്താരാധാകർ ഏറ്റെടുത്തു. ഭട്ട്‌റോഡ്‌ ബീച്ചിൽ എം സ്വാതികയുടെ കുച്ചുപ്പുടിയും മുഹമ്മദ്‌ അസ്‌ലമിന്റെ ബോളിവുഡ്‌ ഹിറ്റ്‌സും എം എസ്‌ ബാബുരാജിന്റെ പാട്ടുകൾ ഉൾക്കൊള്ളിച്ച മെഹ്‌ഫിലും ‘നാട്ടുവെളിച്ചം’ ഗാനമേളയും അരങ്ങേറി. ട‍ൗൺഹാളിലെ നാടകോത്സവവും കാണാൻ നിരവധിയാളുകളെത്തി. കുറ്റിച്ചിറയിൽ സിബല്ല സദാനന്ദന്റെ നേതൃത്വത്തിൽ നടന്ന വനിതാ ഓർക്കസ്ട്രയായിരുന്നു വ്യാഴാഴ്ച സംഗീതാസ്വാദകരെ ആകർഷിച്ചത്‌. തളിയിൽ ഡോ. സുധ രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസിക്‌ കച്ചേരിയും കലാമണ്ഡലം ശ്രീരേഖ ജി നായരുടെ നേതൃത്വത്തിൽ ഭരതനാട്യവും അരങ്ങേറി. മാനാഞ്ചിറ മൈതാനത്ത്‌ സ്പോർട്‌സ്‌ ക‍ൗൺസിലിന്റെ നേതൃത്വത്തിൽ ജിംനാസ്റ്റിക്‌സ്‌ അരങ്ങേറി. കരിന്തണ്ടൻസിന്റെ നാടൻപാട്ടും മാപ്പിള കലാ അക്കാദമിയുടെ ഒപ്പനയും അബിജോഷ്‌ അവതരിപ്പിച്ച ചാക്യാർ കൂത്തിനും ശേഷം യുമ്ന അജിനും സംഘവും അവതരിപ്പിച്ച മ്യൂസിക്‌ ബാൻഡുമുണ്ടായിരുന്നു. അഭിനയ തിയേറ്റേഴ്സ്‌ അവതരിപ്പിച്ച ‘മിത്രൻ പട്ടേരി’ നാടക പ്രേമികളെ ആകർഷിച്ചു. മൈതാനത്തെ മെഗാ തിരുവാതിരയും പാവനാടകവുമെല്ലാം ഓണാഘോഷത്തിന്‌ മാറ്റ്‌ കൂട്ടി. കാപ്പാട്‌ ബീച്ചിൽ ഘോഷയാത്രയും സാംസ്കാരിക സമ്മേളനവുമുണ്ടായിരുന്നു. ഉള്ളൂർകടവിൽ കയാക്കിങ്‌ ഫെസ്റ്റും സംഘടിപ്പിച്ചു. നഗരത്തിൽ വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും ഗ്രേറ്റ്‌ ബോംബെ സർക്കസിനും പതിവിലും കൂടുതൽ ആസ്വാദകരെത്തിയിരുന്നു. തിയേറ്ററുകളിലും സിനിമ ടിക്കറ്റുകൾ ഭൂരിഭാഗവും നേരത്തെ ബുക്ക്‌ ചെയ്തു പോയിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലും ചെറിയ ഗതാഗതക്കുരുക്കുണ്ടായി. ബീച്ചിലും പരിസര പ്രദേശങ്ങളിലും കുരുക്കഴിക്കുന്നതിനും കൃത്യമായ പാർക്കിങ്‌ ഉറപ്പാക്കുന്നതിനും നൂറോളം പൊലീസ്‌ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.അവിട്ടം നാളിലും ആഘോഷം തുടർന്നു. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ. കലാപരിപാടികളും ഓണപ്പാട്ടും വിവിധ മത്സരങ്ങളുമായി വലുപ്പചെറുപ്പമില്ലാതെ എല്ലാവരും ഒത്തുചേർന്ന്‌ തിമിർത്താഘോഷിച്ചു. വടംവലിയും കസേരകളിയും ഉറിയടിയും നാടൻ പാട്ടും തിരുവാതിരയുമെല്ലാം ഓർമകളിലെ ഓണനാളുകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പുതിയകാല കളികളും മത്സരങ്ങളും ആഘോഷങ്ങളെ കൂടുതൽ കളറാക്കി. നിരത്തിവെച്ച ഗ്ലാസുകൾക്ക്‌ മുകളിലൂടെ നിരതെറ്റാതെയുള്ള നടത്തമാണ്‌ ഇക്കുറി ആഘോഷം തൂക്കിയത്‌. ​വെള്ളിയാഴ്ചയും നിരവധി പരിപാടികൾ അരങ്ങേറും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home