ad
Deshabhimani

അതിജീവനത്തിന്റെ "ഞാൻ നടൻ’ അരങ്ങിൽ

"ഞാൻ നടൻ’  ഏകപാത്ര നാടകത്തിൽ മുഹമ്മദ്‌ എരവട്ടൂർ
avatar
എ സജീവ്കുമാർ

Published on Aug 21, 2026, 01:19 AM | 1 min read

കൊയിലാണ്ടി

രോഗം തളർത്താത്ത ‘നാടക’മനസ്സിന്‌ പുതുജീവൻ പകർന്ന് "ഞാൻ നടൻ’ അരങ്ങിലെത്തി. കാൻസർ ബാധിതനായി നാടകരംഗത്തുനിന്ന്‌ വിട്ടുനിന്ന നടൻ മുഹമ്മദ്‌ എരവട്ടൂർ ഏകപാത്ര നാടകവുമായി വീണ്ടും അരങ്ങിലെത്തിയപ്പോൾ അതിജീവനത്തിന്റെ രംഗാവിഷ്‌കരണംകൂടിയായി അത്‌. നടുവത്തൂർ കളിക്കൂട്ടം വേദിയിൽ ക്ഷണിക്കപ്പെട്ട സദസ്സിന്‌ മുന്നിലാണ്‌ മുഹമ്മദ്‌ എരവട്ടൂർ വീണ്ടും അരങ്ങുണർത്തിയത്‌. മൂന്ന്‌ പതിറ്റാണ്ടിലേറെ പ്രൊഫഷണൽ നാടകരംഗത്ത് പ്രവർത്തിച്ച ഇ‍ൗ 60കാരൻ എണ്ണിയാൽ തീരാത്തത്ര അമേച്വർ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്‌. അരങ്ങിൽ സജീവമായി തുടരുന്നതിനിടെയാണ്‌ കാൻസർ ബാധിതനായത്‌. തുടർന്ന്‌ ഏപ്രിൽമുതൽ വിട്ടുനിൽക്കേണ്ടി വന്നു. നാടിന്റെകൂടി പിന്തുണയിൽ ചികിത്സ പൂർത്തിയാക്കിയ മുഹമ്മദിന്‌ അരങ്ങിനോളം വലിയ മറ്റൊരു അതിജീവനമില്ല. പ്രിയപ്പെട്ടവരുടെ പിന്തുണകൂടിയായപ്പോൾ വീണ്ടും നടനായി സദസ്സിന്‌ മുന്നിലെത്തുകയായിരുന്നു. ചന്ദ്രശേഖരൻ തിക്കോടിയുടേതാണ്‌ രചന. എം കെ സുരേഷ് ബാബുവാണ്‌ സംവിധാനം. പുലർച്ചെമുതൽ തോണി തുഴയുന്ന കടത്തുകാരനിലൂടെയാണ് നാടകത്തിന്റെ തുടക്കം. ബാപ്പ മരിച്ചതറിഞ്ഞിട്ടും നാടകം പൂർത്തിയാക്കിയശേഷം വീട്ടിലേക്കെത്തിയതടക്കം നാടകത്തിലൂടെ വരച്ചിടുന്പോൾ കാണികളുടെ കണ്ണും നിറയും. ആർട്ട്‌ ആർ ബി പേരാമ്പ്രയും സംഗീത നിയന്ത്രണം പ്രത്യൂഷ് നൊച്ചാടുമാണ്‌. ​തെരുവുനാടകങ്ങളും, 25 വർഷത്തോളം കുട്ടികളുടെ നാടകങ്ങൾക്കൊപ്പവും മുഹമ്മദ് എരവട്ടൂരുണ്ട്‌. 32 സിനിമകളിൽ വേഷമിട്ടപ്പോഴും നാടകത്തെ കൈയൊഴിഞ്ഞിരുന്നില്ല. വീണ്ടും നടനായി എത്തണമെന്ന നിശ്ചയദാർഢ്യമാണ് ‘ഞാൻ നടൻ’ നാടകത്തിന്‌ പിന്നിലെന്ന്‌ മുഹമ്മദ് എരവട്ടൂർ പറഞ്ഞു. അതിജീവനത്തിനുവേണ്ട സാന്പത്തിക പിന്തുണക്ക്‌ നാടകത്തിലൂടെ വഴിയൊരുക്കാമെന്ന പ്രതീക്ഷയും ‘ഞാൻ നടൻ’ നാടകത്തിന്‌ പിന്നിലുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home