സാഗരതീരേ നക്ഷത്രങ്ങളുടെ രാജകുമാരി

കോഴിക്കോടെത്തിയ സുനിതാ വില്യംസ് ആള്‍ക്കൂട്ടത്തിനിടയിലൂടെ കെഎല്‍എഫ് വേദിയിലേക്ക് വരുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് ബഹിരാകാശ വാതിലുകൾ തുറന്ന് അറബിക്കടലിന്റെ തീരത്ത് നക്ഷത്രങ്ങളുടെ രാജകുമാരി പറന്നിറങ്ങി. ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ആദ്യമായി ഇന്ത്യയിലെത്തിയ സുനിത വില്യംസിനെ കോഴിക്കോട് നെഞ്ചോടുചേർത്തു. കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവല്ലിന്റെ ഉദ്‌ഘാടന വേദിയിലെത്തിയ ബഹിരാകാശ യാത്രിക സുനിത വില്യംസിന് കോഴിക്കോട്ടുകാർ ഉജ്വല വരവേൽപ്പാണ് നൽകിയത്. നാസയിൽനിന്ന് വിരമിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സുനിത കേരളത്തിൽ എത്തിയത്. 27 വർഷം നീണ്ട ഐതിഹാസിക സേവനത്തിനുശേഷമാണ് സുനിത വില്യംസ് വിരമിച്ചത്. കേരളത്തിലെത്തുമ്പോൾ ഇത്രവലിയൊരു ജനക്കൂട്ടത്തെ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന മുഖവുരയോടെയാണ് സുനിത സംസാരിച്ച് തുടങ്ങിയത്. ഉദ്‌ഘാടനശേഷം മാധ്യമപ്രവർത്തക പ്രീതി ചൗധരിയുമായി സുനിത വില്യംസ് സംവദിച്ചു. സദസ്സിലുള്ളവരുടെ സംശയങ്ങൾക്കും മറുപടി നൽകി. അടുത്ത ദിവസങ്ങളിൽ ഡെലിഗേറ്റ് സെഷനിലും സുനിത പങ്കെടുക്കും. സമാപന ദിവസമായ ഞായറാഴ്ച വൈകിട്ട് ആറുമുതൽ ഏഴുവരെയുള്ള സെഷനിലും പങ്കെടുക്കും.










0 comments