ad
Deshabhimani

പന്ത്‌ തട്ടിയ മൈതാനത്ത്‌ 
തന്ത്രം മെനയാൻ നിയാസ്‌

നിയാസ് 
റഹ്മാൻ

നിയാസ് 
റഹ്മാൻ

വെബ് ഡെസ്ക്

Published on Aug 23, 2026, 12:28 AM | 1 min read

കോഴിക്കോട്‌

സ്വന്തം മണ്ണിലേക്ക് സന്തോഷ് ട്രോഫി ഫുട്‌ബോൾ മാമാങ്കം വീണ്ടുമെത്തുന്പോൾ കോഴിക്കോടിന് ഇത്തവണ ആവേശത്തിന്റെ ഇരട്ടിമധുരം. കേരള ടീമിനായി തന്ത്രമൊരുക്കാൻ നാട്ടുകാരൻ നിയാസ് റഹ്മാനും ഒപ്പമുണ്ടാകും. കുന്നമംഗലം കാരന്തൂർ സ്വദേശി നിയാസ് കേരള ടീമിന്റെ സഹ പരിശീലകനായി ഉടൻ ചുമതലയേൽക്കും. നിലവിൽ ഐ ലീഗ് മൂന്നാം ഡിവിഷൻ ക്ലബ്ബായ ഒഡിഷയിലെ കട്ടക് സൺറൈസിന്റെ പരിശീലകനാണ് അമ്പതുകാരൻ. സന്തോഷ് ട്രോഫിയിൽ ആദ്യമായാണ് പരിശീലക സംഘത്തിന്റെ ഭാഗമാകുന്നത്. പുല്ലാട്ട് അബ്ദുറഹിമാന്റെ (ബാബുക്ക)യും താഴത്തേരി സഫിയ റഹ്മാന്റെയും മകനായ നിയാസ്‌ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധു ഒളിമ്പ്യൻ റഹ്മാന്റെ ക്യാമ്പിലൂടെയാണ് കളിക്കളത്തിലേക്കെത്തുന്നത്‌. പിന്നീട് മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്‌സ്, എസ്‌ബിടി, ഐടിഐ ബംഗളൂരു, എഫ്‌സി കൊച്ചി തുടങ്ങിയ ടീമുകൾക്കായി ബൂട്ടണിഞ്ഞു. കളിക്കാരനായുള്ള യാത്രയ്ക്കൊപ്പമാണ് പരിശീലകനായും വളർന്നത്. 2009ൽ മുംബൈ അക്‌ബർ ട്രാവൽസിനായി കളിക്കുന്നതിനിടെ പരിശീലക ചുമതല ഏറ്റെടുത്തായിരുന്നു തുടക്കം. 2012ൽ സജീവ ഫുട്‌ബോളിൽനിന്ന് വിടപറഞ്ഞെങ്കിലും കളിയുമായുള്ള ബന്ധം തുടർന്നു. അതേ വർഷം സഹതാരം പ്രസാദ് വി ഹരിദാസനോടൊപ്പം കോഴിക്കോട് ആസ്ഥാനമായി കേരള ഫുട്‌ബോൾ ട്രെയിനിങ് സെന്ററിന് തുടക്കമിട്ടു. കുന്നമംഗലം സെവൻ സ്പോർട്സ് അക്കാദമിയുടെ ടെക്നിക്കൽ ഡയറക്ടറായും പ്രവർത്തിക്കുന്നു. പരിശീലകനെന്ന നിലയിൽ അടുത്ത കാലത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കാൻ നിയാസിന് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഐ ലീഗ് മൂന്നാം ഡിവിഷനിൽ കട്ടക് സൺറൈസിന് മൂന്നാംസ്ഥാനം നേടിക്കൊടുത്തു. 2024–25 സീസൺ ഐ ലീഗ് മൂന്നാം ഡിവിഷനിൽനിന്ന് തിരൂർ സ്പോർട്‌സ് അക്കാദമിക്ക്‌ രണ്ടാം ഡിവിഷൻ യോഗ്യത നേടിക്കൊടുത്തത് പരിശീലന മികവിന്റെ മറ്റൊരു നേട്ടമായി. ദേവഗിരി സെന്റ് ജോസഫ് കോളേജിനെ 2023–24ൽ കേരള പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിക്കൊടുക്കാനും തുടർച്ചയായി രണ്ടുവർഷം കേരള പ്രീമിയർ ലീഗിൽ കളിപ്പിക്കാനും സാധിച്ചു. ഈ നേട്ടങ്ങൾക്ക് പിന്നാലെയാണ് കേരള ടീമിന്റെ പരിശീലക സംഘത്തിലേക്കും അവസരം ലഭിക്കുന്നത്. ഭാര്യ: റംല ബീവി. മക്കൾ: ആയിഷ, ഇഷ, ഷിസ, കെൻസ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home