നരിപ്പറ്റ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം

നരിപ്പറ്റ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം
കെ ടി അശ്വിൻ കുമാർ നരിപ്പറ്റ ‘ എന്ത് സൂക്കേട് വന്നാലും ഈ ആശുപത്രി ഉള്ളോണ്ട് വേഗത്തിൽ ഡോക്ടറെ കാണിക്കാൻ പറ്റുന്നുണ്ട്. രാവിലെത്തൊട്ട് വൈകിട്ട് വരെ ഡോക്ടർ ഉള്ളോണ്ട് ചികിത്സയും മരുന്നും സമയത്ത് കിട്ടുന്നുണ്ട്. ടെസ്റ്റുകൾ ചെയ്യാനും വേറെ ഏടേം പോകണ്ട എല്ലാം ഇവിടെ തന്നെ ഇണ്ട്'. ഇത് നരിപ്പറ്റയിലെ പാറപ്പൊയിൽ കണാരന്റെ വാക്കുകളാണ്. നരിപ്പറ്റയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ സേവനങ്ങളും സൗകര്യങ്ങളും ഏറെയാണ്. ആരോഗ്യവകുപ്പ് നൽകിയ രണ്ട് ഡോക്ടർമാർക്ക് പുറമേ പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറും കൂടി ഒപിയിലുണ്ട്. അതിനാൽ എല്ലാ ദിവസവും രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ ഡോക്ടറുടെ സേവനവും ലഭ്യമാണ്. ലാബ് ടെക്നീഷ്യനും സ്റ്റാഫ് നഴ്സും വൈകിട്ടുവരെ പ്രവർത്തിക്കുന്നു. ജീവിതശൈലീ രോഗനിർണയം, മാനസികാരോഗ്യ കേന്ദ്രം, നേത്രരോഗ നിർണയ ക്യാമ്പ് തുടങ്ങിയവയും കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിവരുന്നു. കൂടാതെ എല്ലാ ആഴ്ചകളിലും വാർഡുകളിൽ ജീവിതശൈലീ രോഗ നിർണയ സ്ക്രീനിൽ ക്യാമ്പും എല്ലാ ദിവസങ്ങളിലും ജീവിതശൈലീ പ്രീ ചെക്ക് അപ്പ് സൗകര്യവും ഉറപ്പാക്കുന്നു. ഉയർന്ന നിലവാരത്തിൽ ലാബും ഫാർമസിയും ഒരുക്കി. മാതൃ ശിശു സംരക്ഷണത്തിനും പൊതു ആരോഗ്യ സംരക്ഷണത്തിനുമായി ആഴ്ചതോറും ഫീൽഡ് ടീം പരിശോധനയും നടത്തുന്നു. കൂടാതെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരുന്ന കുട്ടികൾക്ക് കളിക്കാൻ പാർക്കും കളിപ്പാട്ടങ്ങളും ഒരുക്കി. പൂന്തോട്ടവും പരിപാലിച്ചുവരുന്നു. റിസോർട്ട് മാതൃകയിൽ നിർമിച്ച നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം മറ്റുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നു. ജനകീയ ഫണ്ട് സമാഹരണത്തിലൂടെ 42 ലക്ഷം രൂപ സമാഹരിച്ച് 47 സെന്റ് സ്ഥലം വാങ്ങി 30 സെന്റിൽ ആയുർവേദ ആശുപത്രിയുടെ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ബാക്കിവരുന്ന സ്ഥലത്ത് ജെൻഡർ പാർക്കിനായി ജില്ലാ പഞ്ചായത്ത് 25 ലക്ഷവും അനുവദിച്ചു. 2021 ലെ കായകൽപ്പ് ഉൾപ്പെടെയുള്ള അംഗീകാരങ്ങളും നരിപ്പറ്റക്ക് ലഭിച്ചു. അർഹർക്ക് മുഴുവൻ ലൈഫ് ഭവനങ്ങൾ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും വീടെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് പഞ്ചായത്ത്. 67 കുടുംബങ്ങളുടെ വീട് നിർമാണം പൂർത്തിയാക്കി. 157 ഗുണഭോക്താക്കളുടെ കരാർ വച്ചു. 90 വീടുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു. പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി വീടുകൾ വാസയോഗ്യമാക്കുന്ന പ്രവൃത്തിയും നടക്കുന്നു. മാലിന്യ പരിപാലനത്തിൽ മാതൃക മാലിന്യ പരിപാലന രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങളെ തുടർന്ന് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. 54 ലക്ഷം രൂപ ചെലവിൽ 4,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പുതിയ എംസിഎഫ് കെട്ടിടം നിർമിച്ചു. മുഴുവൻ വാർഡുകളിലുമായി 45 മിനി എംസിഎഫ്, ബോട്ടിൽ ബൂത്തുകൾ, പൊതുസ്ഥലത്ത് ബിന്നുകൾ തുടങ്ങിയവ സ്ഥാപിച്ചു. 34 ഹരിതകർമ സേന അംഗങ്ങൾ വാതിൽപ്പടി ശേഖരണവും നടത്തുന്നു. മാലിന്യസംസ്കരണം കാര്യക്ഷമമാക്കാൻ ഹരിതകർമ സേനയ്ക്ക് സ്വന്തമായി വാഹനവുമുണ്ട്. മാലിന്യ സംസ്കരണ മേഖലയിൽ രണ്ടര കോടി രൂപ ചെലവഴിച്ചു. അടിമുടി മാറി റോഡുകൾ കുളങ്ങരത്ത് നമ്പ്യാത്താംകുണ്ട് വാളൂക്ക് റോഡ് കിഫ്‌ബിയിൽ ഉൾപ്പെടുത്തി പത്ത് മീറ്റർ വീതിയിൽ പ്രവൃത്തി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കി. പഞ്ചായത്ത് തനത് ഫണ്ട്, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് ഫണ്ട്, എംഎൽഎ, എംപി ഫണ്ട് എന്നിവ ഉപയോഗിച്ച് പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡുകൾ ഗതാഗതയോഗ്യമാക്കി. മലയോര ഹൈവേയും പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കൂടെ കടന്നുപോകുന്നു.12 ലക്ഷം രൂപ ചെലവിൽ ടേക്ക് എ ബ്രേക്ക്, ഒന്പതുലക്ഷം രൂപയിൽ കൈവേലി ടൗൺ സൗന്ദര്യവൽക്കരണം, 40 ലക്ഷം രൂപ ചെലവഴിച്ച് എടോനി പാലം എന്നിവ യാഥാർഥ്യമാക്കി. കുടിവെള്ള ലഭ്യത ഉറപ്പാക്കി മലയോര മേഖലയിൽ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വാർഡുകളിൽ കുടിവെള്ള പദ്ധതികൾ പൂർത്തീകരിച്ച് പൈപ്പ് ലൈൻ വഴി വീട്ടുമുറ്റത്ത് കുടിവെള്ളം ലഭ്യമാക്കുന്നു. ഞങ്ങളും കൃഷിയിലേക്ക് മലയോര മേഖലയിലെ കാർഷിക വളർച്ചയ്ക്ക് താങ്ങാവാൻ പഞ്ചായത്തിനും കൃഷിഭവനും സാധിച്ചു. ‘ഞങ്ങളും കൃഷിയിലേക്ക്' എന്ന നൂതന പദ്ധതി നടപ്പാക്കിയതിലൂടെ വീട്ടമ്മമാർക്ക് മൺചട്ടിയിൽ പച്ചക്കറി കൃഷി ഒരുക്കാൻ അവസരം ലഭിച്ചു.










0 comments