2 കോടിയുടെ നാശം
രാമനാട്ടുകരയിലെ പെയിന്റ് കടയിൽ വൻതീപിടിത്തം

രാമനാട്ടുകര നഗരത്തിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തം
ഫറോക്ക്
രാമനാട്ടുകര നഗരമധ്യത്തിലെ പെയിന്റ് വിൽപ്പന കേന്ദ്രത്തിൽ വൻതീപിടിത്തം. രണ്ടുകോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമികവിവരം. രാമനാട്ടുകരയിലെ എയർപോർട്ട് റോഡരികിൽ പ്രവർത്തിക്കുന്ന ഏഷ്യൻ പെയിന്റ്‌സ് അംഗീകൃത വിൽപ്പനക്കാരായ " ഇന്ത്യൻ അസോസിയേറ്റ്സ്’ സ്ഥാപനത്തിൽ ഞായർ പകൽ ഒന്നോടെയായിരുന്നു തീപിടിത്തം. മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിൽ നിന്നായി നാല് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൊലീസും വ്യാപാരികളും തൊഴിലാളികളും നാട്ടുകാരും രണ്ടുമണിക്കുറുകളോളം പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്. കട അടച്ചുപോയ ശേഷമായിരുന്നു രാമനാട്ടുകര നഗരത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. രാവിലെ തുറന്ന കട പകൽ 12 നായിരുന്നു അടച്ചത്. മൂന്നുനിലകളുള്ള വ്യാപാര സ്ഥാപത്തിന്റെ ഒന്നാം നിലയിലെ സംഭരണ കേന്ദ്രത്തിൽ നിന്നായിരുന്നു ആദ്യം തീ പടർന്നത്. പിന്നീട് മുകളിലേക്കും താഴേക്കും വ്യാപിച്ചതോടെ മൂന്നുനിലകളിലെയും സ്‌റ്റോക്കുകൾ പൂർണമായി കത്തിനശിച്ചു. ഫർണിച്ചറുകളും അനുബന്ധ സാധനങ്ങളുൾപ്പെടെ അഗ്നിക്കിരയായി. മണ്ണൂർ മാമ്പയിൽ നസീറിന്റേതാണ് കട. അദ്ദേഹത്തിന്റെ കാർ വിറ്റ വകയിൽ കടയിൽ സൂക്ഷിച്ച 10.35 ലക്ഷം രൂപയും തീപിടിത്തത്തിൽ നശിച്ചു. ഇൗയിടെയായി വൻതോതിൽ പുതിയ സ്റ്റോക്ക് എത്തിയിരുന്നതായും ഇതെല്ലാം നശിച്ചതായും കടയുടമ പറഞ്ഞു. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് എത്തുന്നതിനും താമസം നേരിട്ടതായി വ്യാപാരികൾ പറഞ്ഞു ഞായർ അവധി ദിവസമായിരുന്നതിനാൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ തിങ്ങിനിറഞ്ഞ മേഖലയിലായിരുന്നു തീപിടിത്തം. തൊട്ടടുത്തുള്ള ഫൂട്‌വെയർ ഷോപ്പ് ഉടമയാണ് തീപിടിത്ത വിവരം ആദ്യം അറിയിക്കുന്നത്. ഫറോക്ക് അസി. കമീഷണർ എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും വ്യാപാരികളും തൊഴിലാളികളും ചേർന്നാണ് തീയണച്ചത്.










0 comments