ad
Deshabhimani

‘സ്വരാജി'ൽ തിളങ്ങി മണിയൂർ

കുന്നത്തുകരയിൽ പ്രവർത്തനസജ്ജമായ വഴിയോര വിശ്രമകേന്ദ്രവും വാനനിരീക്ഷണകേന്ദ്രവും

കുന്നത്തുകരയിൽ പ്രവർത്തനസജ്ജമായ വഴിയോര വിശ്രമകേന്ദ്രവും വാനനിരീക്ഷണകേന്ദ്രവും

വെബ് ഡെസ്ക്

Published on Feb 18, 2025, 02:14 AM | 1 min read

വടകര ജനകീയ പ്രശ്നങ്ങളിൽ സമയബന്ധിത പരിഹാരം, സേവനങ്ങൾക്കെല്ലാം ചടുല വേഗം, വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുന്നതിലെ കൃത്യനിഷ്ഠത മണിയൂർ പഞ്ചായത്തിന് ഏറെയുണ്ട് മികവുകൾ. സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ‘സ്വരാജ്' ട്രോഫി മണിയൂരിനെ തേടിയെത്തുമ്പോൾ ഭരണസമിതിക്കും ജീവനക്കാർക്കും ഒപ്പം നാടിനും അഭിമാന നിമിഷം. ജില്ലയിൽ ഒന്നാം സ്ഥാനമാണ് മണിയൂരിന്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. സേവന-വികസന പ്രവർത്തനങ്ങൾക്ക് ഉപരിയായി തനതായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലെ മികവുറ്റ പ്രവർത്തനമാണ് പുരസ്കാരത്തിന് മണിയൂരിനെ അർഹമാക്കിയത്. നവീകരിച്ച് പ്രവർത്തനം തുടങ്ങിയ ഓഫീസും വൈവിധ്യവൽക്കരണത്തിലൂടെ മികച്ച സേവനം ലഭ്യമാക്കുന്ന ഫ്രന്റ്‌ ഓഫീസ് സംവിധാനവും പഞ്ചായത്തിനെ ജനകീയമാക്കുന്നു. ഓഫീസ് ആവശ്യത്തിന് എത്തുന്നവർക്ക് ചായയും ആവശ്യമുള്ളവർക്ക് ഉച്ചഭക്ഷണവും നൽകാൻ ‘ഊട്ടുപുര'യും ഉണ്ടിവിടെ. ചൊവ്വാപ്പുഴ വിനോദ സഞ്ചാരകേന്ദ്രവും ചെരണ്ടത്തൂർ ചിറയിലെ ഫാം ടൂറിസവും മണിയൂരിന്റെ പെരുമ വിളിച്ചോതുന്നു. കെട്ടിടക്രമവൽക്കരണത്തിലൂടെ തനത് വരുമാനം വർധിപ്പിച്ച് മാതൃകയുമായി. വിദ്യാഭ്യാസ പദ്ധതി ‘ഉയരെ', ‘ആരോഗ്യ കായികവിദ്യാഭ്യാസ രംഗത്തെ ഇടപെടലായ റയിസിങ്' മണിയൂർ എന്നിവയും ശ്രദ്ധേയം. തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിനം തൊഴിൽ ഉറപ്പാക്കി കഴിഞ്ഞ മൂന്നുവർഷമായി ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത്‌ ഏഴാം സ്ഥാനത്തുമുണ്ട്‌ മണിയൂർ. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിർമിച്ച എംസിഎഫ് കഴിഞ്ഞദിവസമാണ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തത്. 468 അയൽക്കൂട്ടങ്ങളാൽ സുദൃഢമാണ് കുടുംബശ്രീ. 105 ലേറെ വിവിധ സംരംഭങ്ങളും 18 ജെഎൽജികളും കുടുംബശ്രീക്കുണ്ട്. വഴിയോര വിശ്രമ കേന്ദ്രം കുന്നത്തുകരയിൽ പ്രവർത്തനസജ്ജമാവുന്നു. താഴത്തെ നിലയിൽ ശുചിമുറി, കഫ്റ്റീരിയ, ഒന്നാം നിലയിൽ ശീതീകരിച്ച മിനി തിയേറ്റർ, അതിഥി മന്ദിരം, മുകളിലായി കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച്‌ നിർമിച്ച വാനനിരീക്ഷണ കേന്ദ്രം എന്നിവയാണ് പ്രവർത്തനസജ്ജമായത്. ജെൻഡർ പാർക്കും മണിയൂരിലുണ്ട്. കുന്നത്തുകരയിൽ ബഡ്സ് സ്കൂളിന്റെ പണി പുരോഗമിക്കുകയാണ്. മികച്ച റോഡ് ശൃംഖലയും പഞ്ചായത്തിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home