മിഴി തുറക്കാം സമാധാനത്തിലേക്ക്

ക്രിസ്മസ്സായതോടെ സജീവമായ നക്ഷത്ര വിപണി നടക്കാവിൽനിന്നുള്ള ദൃശ്യം
സ്വന്തം ലേഖകൻ കോഴിക്കോട് വിവിധതരം നക്ഷത്രങ്ങൾ, അലങ്കാര ബൾബുകൾ, ട്രീ, പുൽക്കൂട്, ക്രിപ്‌സെറ്റ്... ക്രിസ്‌മസ് വൈബാക്കാനുള്ളതെല്ലാം റെഡി. ആഘോഷരാവിന് ദിവസങ്ങൾമാത്രമാണിനി ബാക്കി. കച്ചവടസ്ഥാപനങ്ങളും സജീവമായി. പല നിറങ്ങളിൽ മിന്നുന്ന മൾട്ടി സ്‌റ്റാർ എൽഇഡി, പേപ്പർ നക്ഷത്രങ്ങൾ തുടങ്ങിയവയാണ് നിലവിൽ വിപണിയിലെ ‘താരങ്ങൾ’. തുടക്കത്തിൽ നക്ഷത്രങ്ങളാണ് കൂടുതലായും വിറ്റുപോവുന്നത് എന്ന് കച്ചവടക്കാർ പറഞ്ഞു. പല ഡിസൈനിലും വലുപ്പത്തിലുമുള്ളവയുണ്ട്. അതിനനുസരിച്ചാണ് വിലയും. ഇത്തവണ മെർക്കുറി പേപ്പർ സ്റ്റാറാണ് പുതിയ ഐറ്റം. ബൾബില്ലാതെയും വർണാഭമാണിത്. ഇളം ആകാശനീല, റോസ് ഷെയ്‌ഡുകളിലായാണ് തിളക്കം. 250, 300, 350 രൂപയാണ് വില. വലുപ്പം, കാലെണ്ണം എന്നിവയിലെ വ്യത്യാസത്തിനനുസരിച്ചാണ് വിലയിലെ മാറ്റം. സാന്താ ഉടുപ്പ്, തൊപ്പി, വടി ഉൾപ്പെടെയുള്ളവയുടെ സ്‌റ്റോക്കുമെത്തി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സാന്താ ഉടുപ്പുകളുണ്ട്. 200, 500, 600 രൂപ എന്നിങ്ങനെയാണ് നിരക്ക്. എൽഇഡി സ്റ്റാറുകളുടെ വിപുലമായ കലക്ഷൻ തന്നെയുണ്ട്. നിയോൺ ലൈറ്റിലും ഗ്ലാസ് ടൈപ്പിലുമായി പലതരത്തിലുള്ള മാല ബൾബുകളും വാങ്ങാം. എൽഇഡി ബൾബുകളുടെ എണ്ണം, ഫ്രെയിം, നീളം എന്നിവയ്‌ക്കനുസരിച്ച് 90, 120, 150 രൂപ എന്നിങ്ങനെയാണ് മാലബൾബുകളുടെ വില. പുൽക്കൂട് ഒരുക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്തതാണ് ക്രിപ്‌സെറ്റുകൾ. ചോക്ക്, പോളിമാർബിൾ എന്നിവയാൽ നിർമിച്ച ഉണ്ണിയേശുവിന്റെയും മറ്റും രൂപങ്ങൾ ആരെയും ആകർഷിക്കുന്ന മട്ടിലാണ് ഒരുക്കിയിട്ടുള്ളത്. വിവിധതരം പുൽക്കൂട് സെറ്റും റെഡിയാണ്. ക്രിസ്‌മസ് ട്രീയിൽ സ്‌പ്രിങ് മോഡലാണ് ഇത്തവണ വെറൈറ്റി.










0 comments