1,272 കുടുംബങ്ങള്‍ക്ക് കൂടി പട്ടയങ്ങൾ നൽകി

ഒപ്പമുണ്ട് കൈത്താങ്ങോടെ .. കോവൂരില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയം ഏറ്റുവാങ്ങിയ താമരശ്ശേരി അമ്പായത്തോടിലെ സരോജിനി എംഎല്‍എമാരായ ലിന്റോ ജോസഫ്, ടി പി രാമകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് എന്നിവരോടൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു.
കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലുള്ള 1,272 കുടുംബങ്ങള്‍ക്ക് കൂടി പട്ടയങ്ങള്‍ വിതരണം ചെയ്തു. കോഴിക്കോട്, താമരശേരി, വടകര, കൊയിലാണ്ടി താലൂക്കുകളില്‍ 1,027 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം, 149 നാലുസെന്റ് ലക്ഷംവീട് ഉന്നതി പട്ടയം, താമരശേരി താലൂക്കിലെ പാറ പുറമ്പോക്ക് ഭൂമിയിലെ കൈവശക്കാര്‍ക്കുള്ള 26 പട്ടയം, താമരശേരി, കോഴിക്കോട് താലൂക്കുകളിലെ 40 കുടുംബങ്ങള്‍ക്കുള്ള മിച്ചഭൂമി പട്ടയം, കോഴിക്കോട്, താമരശേരി, കൊയിലാണ്ടി താലൂക്കുകളിലെ 20 കുടുംബങ്ങള്‍ക്ക് ലാന്‍ഡ് അസൈൻമെന്റ് പട്ടയം, 10 ദേവസ്വം പട്ടയം എന്നിങ്ങനെയാണ് വിതരണം ചെയ്തത്. 2031ല്‍ സംസ്ഥാനം 75ാം വയസ്സിലേക്ക് കടക്കുമ്പോള്‍ ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ കേരളം സൃഷ്ടിക്കുകയെന്ന നടപടിക്രമങ്ങളിലേക്ക് ഘട്ടംഘട്ടമായി പോകുകയാണെന്ന് മന്ത്രി കെ രാജന്‍ പട്ടയമേളയുടെ ഓൺലൈൻ ഉദ്ഘാടനത്തിൽ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കാനായെന്നും ഭൂമിസംബന്ധമായ എല്ലാ രേഖകളും ലഭിക്കുന്നതിനായി സെന്‍ട്രലൈസ്ഡ് ഡാറ്റാ ബാങ്കുകള്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' ലക്ഷ്യത്തിന്റെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിച്ചത്. കോവൂര്‍ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ ടി പി രാമകൃഷ്ണന്‍, ലിന്റോ ജോസഫ്, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസി. കലക്ടര്‍ എസ് മോഹനപ്രിയ, ലാന്‍ഡ് ആന്‍ഡ് റവന്യു ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.










0 comments