Deshabhimani

മാനവസ്‌നേഹത്തിന്റെ ഗാനംആലപിച്ച്‌ കാരപ്പറമ്പ് സ്‌കൂൾ

A

വിദ്യാർഥികൾ മതേതരഗീതം ആലപിക്കുന്നു

avatar
ബൈജു വയലില്‍

Published on Nov 01, 2026, 01:07 AM | 1 min read

വെസ്റ്റ്ഹിൽ

‘അറിവിൻ അനന്ത സാഗരമേ..

അലയായ് വന്നണയേണമേ...’

​എന്ന പ്രാർഥനാ ഗാനത്തോടുകൂടിയായിരുന്നു വെള്ളിയാഴ്‌ച കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അസംബ്ലിയുടെ തുടക്കം. ഏതെങ്കിലും മതവിഭാഗത്തിന്റെ ദൈവത്തോടുള്ള പ്രാർഥനയല്ല, മറിച്ച് മതേതരഗാനമായിരുന്നു അത്‌. നിലവിലെ പ്രാർഥനാഗാനം മാറ്റി മതേതരഗാനം വേണമെന്ന പൊതുഅഭിപ്രായം പരിഗണിച്ചാണ്‌ അധ്യാപകരും വിദ്യാർഥികളും ചേർന്ന് പുതിയത്‌ ചിട്ടപ്പെടുത്തിയത്‌.

ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പ്രഭീഷ്‌കുമാറിന്റെ വരികൾക്ക് സംഗീതാധ്യാപിക നീന ബാബുരാജ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്. പ്രാർഥനയുടെ പതിവ് ശീലങ്ങളിൽനിന്നു മാറി, മതത്തിനപ്പുറം എല്ലാ മനുഷ്യരെയും ചേർത്ത് പിടിക്കുന്ന മാനവഗീതമാണിത്‌. കേരളത്തിൽ മറ്റൊരു വിദ്യാലയത്തിലും ഇല്ലാത്ത ഒന്നാണിത്‌.

മുൻ എംഎൽഎ എ പ്രദീപ്കുമാറിന്റെ പ്രിസം പദ്ധതിയിലുൾപ്പെടുത്തിയ, മികവിന്റെ കേന്ദ്രമായി മാറിയ വിദ്യാലയം വ്യത്യസ്ത വിദ്യാഭ്യാസ പദ്ധതികളിലൂടെ പൊതുവിദ്യാഭ്യാസത്തിന് വീണ്ടും മാതൃകയാവുകയാണ്. ഉൾച്ചേർന്ന വിദ്യാഭ്യാസം (ഇൻക്ലൂസീവ് എഡ്യുക്കേഷൻ) ദർശനത്തിൽ എല്ലാ വിഭാഗം വിദ്യാർഥികളെയുംകൂടി പരിഗണിക്കുന്നതാവണം പ്രാർഥനയും. വിശ്വാസിയും അവിശ്വാസിയും മതമുള്ളവരും മതമില്ലാത്തവരും കൂടിക്കലർന്ന പൊതുവിദ്യാലയങ്ങളിൽ മതേതരഗാനം പോലെ നിലനിൽക്കേണ്ടതാണ് ഓരോ പ്രാർഥനാ ഗാനവും എന്ന ജനകീയ ചിന്തയിൽനിന്നാണ് ഈ ഗാനം രൂപപ്പെട്ടത്. ആരോടും കൂപ്പുകൈകളില്ലാതെ, ദൈവനാമ പരാമർശങ്ങളില്ലാതെ, ഒരു രക്ഷകന്റെയും കാലടിയൊച്ചകൾക്ക് കാതോർക്കാതെ നീ തന്നെ നിന്റെ വിളക്കാകുവാനും പൂമരം പോലെ അപരന് തണലേകുവാനുമാണ്‌ പറയുന്നത്‌. വിദ്യാർഥികളായ ക്രിസ് കെ ഷാജി, ശ്രീമാധവ് മോഹൻരാജ്, എ കെ അളക, പി ശ്രീലക്ഷ്‌മി എന്നിവരാണ് ഗീതം ആലപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home