ചൂടകറ്റാം; വരൂ, കടലുണ്ടി കമ്യൂണിറ്റി റിസർവിലേക്ക്...

കടലുണ്ടി കമ്യൂണിറ്റി റിസർവ്
മനാഫ് താഴത്ത്
Published on Apr 18, 2026, 12:45 AM | 1 min read
ഫറോക്ക്
വെന്തുരുകുന്ന കൊടും ചൂടിൽ ശരീരത്തിനും മനസ്സിനും കുളിരേകാൻ കടലുണ്ടി കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികളെ വിളിക്കുന്നു. കടലും കടലുണ്ടിപ്പുഴയും കണ്ടൽക്കാടുകളും കല്ലുമ്മക്കായയും കനാലുകളുമെല്ലാം ഒത്തുചേർന്ന പ്രകൃതിസ്നേഹികളുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായ കടലുണ്ടിയിലേക്ക് അവധിക്കാലമായതോടെ സന്ദർശകരുടെ ഒഴുക്കാണ്. രാജ്യത്തെ രണ്ടാമത്തെയും സംസ്ഥാനത്തെ ആദ്യത്തേതുമായ ഇൗ കമ്യൂണിറ്റി റിസർവ് 153 ഹെക്ടർ വിസ്തൃതിയിലാണ്. പക്ഷിസങ്കേതവും ഇക്കോ ടൂറിസം കേന്ദ്രവും ഉൾപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം എന്നും വിനോദസഞ്ചാരികളുടെ ഇഷ്‌ടപ്രദേശമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിരുപങ്കിടുന്ന കടലുണ്ടി, ജൈവ വൈവിധ്യങ്ങളുടെ കലവറയായാണ് അറിയപ്പെടുന്നത്. വിവിധയിനം കണ്ടലുകളും തുരുത്തുകളും ജീവികളും നിരവധിയുണ്ട്. യന്ത്രരഹിത ടൂറിസ്റ്റ് യാത്രാവഞ്ചികളിൽ വിശാലമായ റിസർവ് മേഖല ചുറ്റി സഞ്ചരിക്കാം. ഇതോടൊപ്പം പുഴയും കടലും സംഗമിക്കുന്ന അഴിമുഖവും പക്ഷിസങ്കേതത്തിലെ തുരുത്തുകളിലൂടെ കണ്ണോടിച്ചുള്ള ജലയാത്രയുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ആയിരക്കണക്കിന് ദേശാടന പക്ഷികളെത്തുന്ന ഇവിടെ 60 ഇനം വിദേശ ഇനങ്ങളും നൂറിലേറെ തദ്ദേശീയ പക്ഷികളുമുണ്ടെന്നാണ് പഠന റിപ്പോർട്ട്. കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള യാത്രക്ക് 32 വഞ്ചികളാണുള്ളത്. തിരക്കേറിയതോടെ തോണിക്കാർക്കും നല്ല വരുമാനമാണ്. ഞായറാഴ്ചമാത്രം 150 ട്രിപ്പ് വഞ്ചിയാത്ര നടന്നതായി തൊഴിലാളികൾ പറഞ്ഞു. കടലുണ്ടി റെയിൽവേ സ്റ്റേഷന് തൊട്ടടുത്താണിത്. കോഴിക്കോട് നഗരത്തിൽനിന്ന് 19 കിലോമീറ്ററും ഫറോക്ക് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്ന് ഏഴ് കിലോ മീറ്ററുമാണ് കടലുണ്ടിയിലേക്കുള്ളത്.










0 comments