മേൽക്കോയ്മാ ദേശീയതയ്ക്കെതിരെ ചരിത്രബോധമുയരണം: കെ ഇ എൻ

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'വന്ദേമാതരം ചരിത്രവും വർത്തമാനവും ' സെമിനാറിൽ കെ ഇ എൻ കുഞ്ഞഹമ്മദ് സംസാരിക്കുന്നു.
സ്വന്തം ലേഖകൻ കോഴിക്കോട് രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളാൻ സാധിക്കാത്ത മേൽക്കോയ്മാ ദേശീയതയ്ക്കെതിരെ ചരിത്രബോധം ഉയരണമെന്ന് കെഇഎൻ. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘വന്ദേമാതരം, ചരിത്രവും വർത്തമാനവും’ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് എതിരായ യുദ്ധപ്രഖ്യാപനമായി വന്ദേമാതരം മാറുകയാണ്. ഭാരത്‌മാത, ജയ്‌ശ്രീരാം തുടങ്ങിയവയും ഫാസിസ്റ്റ് ശക്തികൾ മതേതരത്വത്തിനെതിരായ യുദ്ധകാഹളമാക്കി തീർത്തിരിക്കുന്നു. ആർഎസ്‌എസ് ശാഖകളിലും ഹിന്ദുമഹാസഭയുടെ സമ്മേളനത്തിലുമാണ് വന്ദേമാതരത്തിന്റെ മുഴുവൻ ഇൗരടികളും ആലപിച്ചിരുന്നത്. കേരളത്തിലും അത് കടന്നുവരുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഫാസിസ്റ്റ് ദേശീയത ഇന്ത്യൻ ദേശീയതയെ വെട്ടിമുറിക്കുന്ന ഒന്നാണ്. അതിൽനിന്ന് വിദ്വേഷമല്ലാതെ സൗഹാർദത്തിന്റെ പൂക്കൾ വിരിയില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യർക്കിടയിൽ ഭിന്നിപ്പ് പടർത്താനാണ് സംഘപരിവാർ ദേശീയതയെയും വന്ദേമാതരത്തെയും ഉപയോഗപ്പെടുത്തുന്നതെന്ന് സെമിനാറിൽ സംസാരിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഇതിനെതിരായി ശക്തമായ പ്രചാരണം സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ അരുൺ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, എൽ ജി ലിജീഷ്, പി സി ഷൈജു, ദിപു പ്രേംനാഥ്, കെ എം സച്ചിൻദേവ്, കെ എം നിനു എന്നിവർ സംസാരിച്ചു.








0 comments