മത്സ്യ ദൗർലഭ്യം; തീരവും വരളുന്നു

മത്സ്യദൗർലഭ്യം കാരണം കടലിലിറങ്ങാതെ ബേപ്പൂർ ഹാർബറിൽ നങ്കൂരമിട്ട ബോട്ടുകൾ
മനാഫ് താഴത്ത്
Published on Mar 23, 2025, 01:22 AM | 1 min read
ഫറോക്ക്
മത്സ്യദൗർലഭ്യം കാരണം ബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങാത്തതിനാൽ തീരമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഒരു മാസത്തോളമായി തുടർച്ചയായി മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതോടെ വടക്കൻ കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രമായ ബേപ്പൂരിലും ചാലിയത്തുമായി നൂറുകണക്കിന് ബോട്ടുകളും വള്ളങ്ങളും കരപറ്റിയിരിക്കയാണ്. സമാനസ്ഥിതിയാണ് മലബാറിലെ എല്ലാതീരങ്ങളിലും. ഇതേ തുടർന്ന് തീരമേഖലയും അനുബന്ധമേഖലയും വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. കടലിലെ കൊടുംചൂടും കാലാവസ്ഥ വ്യതിയാനവും കാരണം പൊതുവെ കുറഞ്ഞ തോതിൽ മത്സ്യം ലഭിക്കുന്ന സീസണാണെങ്കിലും തീരക്കടലിലും ആഴക്കടലിലും അനധികൃത മത്സ്യബന്ധനം അതിരുവിട്ട രീതിയിൽ അധികരിച്ചതോടെ ബോട്ടുകൾക്കും വള്ളങ്ങൾക്കും കനത്ത തിരിച്ചടിയായി. ആഴക്കടലിൽ കൃത്രിമ പാര് നിക്ഷേപിച്ചും നിരോധിത ഇരട്ട വലകളും (പെയർ ട്രോളിങ്) കണ്ണിയടുപ്പമുള്ള വലകളും ഉപയോഗിച്ചും രാത്രികാല ട്രോളിങ് കൂടുന്നു. ഉയർന്ന ശേഷിയുള്ള വെളിച്ച സംവിധാനം ഉപയോഗിച്ച് ബോട്ടുകളും വള്ളങ്ങളും നടത്തുന്ന കടൽക്കൊള്ളയും മത്സ്യബന്ധനത്തിന് തിരിച്ചടിയാവുകയാണ്. ബോട്ടുടമകൾ കടക്കെണിയിൽ ഫറോക്ക് മത്സ്യബന്ധനം നിലച്ചതോടെ ഓരോ ബോട്ടുകളുടെയും വള്ളങ്ങളുടെയും ഉടമകൾ ലക്ഷങ്ങളുടെ കടക്കെണിയിൽ. വട്ടിപ്പലിശയ്ക്ക് വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയും ബോട്ടിറക്കി നടുവൊടിഞ്ഞ മട്ടിലാണ് ഉടമകൾ. റംസാനിൽ പണിയില്ലാതെ നിത്യവരുമാനം നിലച്ച് തൊഴിലാളികളുടെ സ്ഥിതിയും ദയനീയം. അറുന്നൂറോളം ബോട്ടുകളുള്ള ബേപ്പൂർ തുറമുഖത്തുനിന്നും കേവലം നൂറോളം ബോട്ടുകളാണിപ്പോൾ കടലിലിറങ്ങുന്നത്. കൂടുതലും ഹാർബറിലും സമീപങ്ങളിലുമായി നങ്കൂരമിട്ടിരിക്കയാണ്. ഇവിടെ വള്ളങ്ങളും തീരമണിഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നൂറുകണക്കിന് വലുതും ചെറുതുമായ പരമ്പരാഗത വള്ളങ്ങൾ കേന്ദ്രീകരിച്ച് മീൻപിടിത്തത്തിലേർപ്പെടുന്ന ചാലിയത്തും കുറഞ്ഞ വള്ളങ്ങളാണ് മത്സ്യബന്ധനത്തിനിറങ്ങുന്നത്. ബോട്ടുകൾക്ക് ഒരു ദിവസം ഡീസൽ, ഐസ്, റേഷൻ, ദിന ബത്ത തുടങ്ങിയവയ്ക്കായി ഒരു ലക്ഷം രൂപ ചെലവ് വരും. മൂന്ന് ദിവസം മുതൽ ആഴ്ചകൾ കടലിൽ വലവിരിച്ച് മത്സ്യമില്ലാതെ മടങ്ങുമ്പോൾ ലക്ഷങ്ങളാണ് നഷ്ടമാകുന്നത്. ഇങ്ങനെ കടം പെരുകിയതോടെയാണ് ബോട്ടുകളും വള്ളങ്ങളും കടലിലിറക്കാതായത്. ഈ സാഹചര്യം തുടർന്നാൽ ഇത്തവണ തീരമേഖലയിലെ പെരുന്നാളിനേയും സാരമായി ബാധിക്കും.










0 comments