പേരാമ്പ്ര; മാറ്റത്തിന്റെ പേര്

പേരാമ്പ്ര പഞ്ചായത്ത് എടവരാട് പാടശേഖത്തിൽ നടത്തിയ രക്തശാലി നെൽകൃഷിയുടെ കൊയ്ത്തുത്സവം ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. (ഫയൽ ചിത്രം )
ഇ ബാലകൃഷ്‌ണൻ
Published on Sep 19, 2025, 01:23 AM | 3 min read
പേരാമ്പ്ര
പ്രായാധിക്യത്താലുള്ള അസുഖങ്ങൾക്ക് വീടിനടുത്തുതന്നെ ചികിത്സയും മരുന്നും ലാബ് സൗകര്യങ്ങളും കിട്ടുന്ന ആശ്വാസത്തിലാണ് എരവട്ടൂരിലെ 100 വയസ്സ് പിന്നിട്ട മുരിങ്ങൂര് മീത്തൽ ചോയ്യനും 79 കാരി കുഞ്ഞിപ്പറമ്പിൽ ജാനുവും. കിലോമീറ്ററുകൾ പിന്നിട്ട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് പോവണ്ട, സ്വസ്ഥം, സമാധാനം. വീടിന് സമീപത്തുതന്നെ ചികിത്സ ഉറപ്പാക്കുന്നതിന് പേരാമ്പ്ര പഞ്ചായത്ത് ആവിഷ്കരിച്ച മാതൃകാ പദ്ധതി ‘ഭിഷഗ്വര’യാണ് ചോയ്യനും ജാനുവും ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാകുന്നത്. ആഴ്ചയിലൊരിക്കൽ പഞ്ചായത്തിലെ മുഴുവൻ സബ് സെന്ററുകളിലും ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെത്തി ചികിത്സയും മരുന്നും രക്തപരിശോധനകളും നടത്തുന്നു. ജീവിതശൈലീ രോഗികൾക്കും ഏറെ സഹായകമാണ് ഇൗ സംവിധാനം. ഇതുമാത്രമല്ല, കോവിഡ് കാലത്തെ പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമായിരുന്നു. ഓക്സിമീറ്റർ ചലഞ്ചിലൂടെ നൂറുകണക്കിനാളുകൾക്ക് ഓക്സിമീറ്ററുകൾ, ഹോമിയോപ്പതി, ആയുർവേദ വകുപ്പുകളുമായി ചേർന്ന് ഒമ്പതിനായിരത്തിൽപ്പരം വീടുകളിൽ മരുന്നുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ രണ്ടു ദിവസത്തെ കോവിഡാനന്തര മെഗാ മെഡിക്കൽ ക്യാമ്പ്, ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണവും വിദ്യാർഥികൾക്ക് ഗാഡ്ജറ്റുകളും, കമ്യൂണിറ്റി കിച്ചണുകൾ ഇങ്ങനെ ജനങ്ങളെ ചേർത്ത് പിടിച്ച് ഒട്ടേറെ ഇടപെടലുകൾ. കാർഷിക മേഖലയിൽ പുത്തനുണർവ് നെല്ലുൽപ്പാദനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്താണ് പേരാമ്പ്ര. സപ്ലൈകോയ്ക്ക് ഏറ്റവും കൂടുതൽ നെല്ല് നൽകുന്നു. പരമ്പരാഗത നെല്ലുൽപ്പാദനത്തിൽ സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കി. പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന രക്തശാലി ഇനത്തിൽപ്പെട്ട നെല്ലിന്റെ ഉൽപ്പാദനം ആരംഭിച്ചു. പേരാമ്പ്ര ബ്രാൻഡിൽ അരിക്ക് പുറമെ മഞ്ഞൾപ്പൊടി, കുരുമുളക്, കൂവപ്പൊടി തവിടുകളയാത്ത ഉമ അരി,നെയ്യ് , ഉമിക്കരി എന്നിവ വിപണിയിലെത്തിച്ചു. 346കുടുംബശ്രീ യൂണിറ്റുകൾ മുഖേന എ ബ്രിഡ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്ത് പച്ചക്കറി കൃഷി വ്യാപകമാക്കി. കാർഷിക മേഖലയിൽ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഒരുകോടി രൂപയുടെ സിഎസ്ആർ ഫണ്ട് ലഭ്യമായതും പേരാമ്പ്രക്കാണ്. മാലിന്യ നിർമാർജനത്തിലെ നൂതന മാതൃക 19 ൽ 14 വാർഡുകളിലും എംസിഎഫുകൾ സ്ഥാപിച്ചു. കണ്ടെയ്‌നർ എംസിഎഫുകൾ സ്ഥാപിച്ച പഞ്ചായത്തും പേരാമ്പ്രയാണ്. വീടുകളിലും സ്ഥാപനങ്ങളിലും കക്കൂസ് മാലിന്യംനീക്കം ചെയ്യുന്നതിനുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ് മെന്റ് യൂണിറ്റ് 53 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് സാധ്യമാക്കി. ഈ യൂണിറ്റ് ഉപയോഗിച്ച് കക്കൂസ് മാലിന്യം വലിച്ചെടുത്ത് അവിടെ വച്ചുതന്നെ തെളിനീരാക്കി മാറ്റാനാവും.
മറ്റ് പ്രധാന നേട്ടങ്ങൾ
• അഞ്ചു വർഷത്തിനിടയിൽ സ്ഥലം വാങ്ങി മൂന്നു കളിസ്ഥലങ്ങൾ നിർമിച്ചു. • പൊതുപരിപാടികൾക്കായി വി വി ദക്ഷിണാമൂർത്തി സ്മാരക ടൗൺഹാളിന് പുറമെ മുൻ പ്രസിഡന്റ് ആർ നാരായണൻ നായരുടെ സ്മരണയ്ക്കായി മരക്കാടി സ്ക്വയർ നിർമിച്ചു. • കലാ സാംസ്കാരിക പ്രവർത്തകരുടെ ചിരകാല സ്വപ്നമായ ആർട്ട് ഗ്യാലറി പേരാമ്പ്ര സാംസ്കാരിക നിലയത്തിൽ പൂർത്തിയായി. • 28 അങ്കണവാടികളും ക്രാഡിൽ അങ്കണവാടികളാക്കുന്ന പ്രവർത്തനം അന്തിമ ഘട്ടത്തിൽ • കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിന് "മിന്നൽ കിഡ്സ്’ പദ്ധതി. • സ്ത്രീകളുടെ കായികക്ഷമതയ്‌ക്കായി വനിതാ വെൽനസ് സെന്റർ (വനിതാ ജിം) • വയോജനങ്ങൾക്ക് ഒത്തുകൂടാനായി ശാധ്വലം എന്ന പേരിൽ സായംപ്രഭ ഹോം • തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ചതിന് തുടർച്ചയായി അഞ്ചാം വർഷവും പുരസ്കാരം. • 58 കോടി രൂപ ചെലവിൽ പേരാമ്പ്ര ബൈപാസ് യാഥാർഥ്യമായി • പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമാണം ( 78 കോടി രൂപ) ആരംഭിച്ചു. • ചേർമല കേവ് ടൂറിസം പദ്ധതി യാഥാർഥ്യത്തിലേക്ക് ( 3.75 കോടി രൂപ) • പേരാമ്പ്ര ഗവ. യുപി സ്കൂളിന് കെട്ടിട നിർമാണം (3.5 കോടി രൂപ ) ആരംഭിച്ചു.
പദ്ധതികൾ സംസ്ഥാനത്തിനാകെ മാതൃക
അഞ്ചുവർഷത്തിനകം അഭിമാനകരമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കാനായി. പദ്ധതികൾ പലതും സംസ്ഥാനത്തിനാകെ മാതൃകയാണ്. സംസ്ഥാന സർക്കാരിന്റെയും ടി പി രാമകൃഷ്ണൻ എംഎൽഎയുടെയും സഹായവും ഇടപെടലും വികസന പ്രവർത്തനങ്ങൾക്ക് കരുത്തായി. ജനങ്ങളെ ചേർത്തുനിർത്തിയും വിശ്വാസത്തിലെടുത്തുമാണ് പ്രവർത്തിച്ചത്. കാർഷികമേഖലക്ക് പുത്തനുണർവ് സൃഷ്ടിക്കാനായി. ഒട്ടേറെ അംഗീകാരങ്ങളും നേടാനായി. വി കെ പ്രമോദ് (പ്രസിഡന്റ്)
ജനപക്ഷ വികസനം സാധ്യമാക്കി
ജനപക്ഷ വികസനത്തിന്റെ ഉത്തമ ഉദാഹരണമാണ് പേരാമ്പ്ര. ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനായി. സ്ത്രീ സൗഹൃദ പദ്ധതികൾക്ക് പ്രാമുഖ്യം നൽകി. ഒരു നഗരസഭയുടെ പ്രൗഢിയോടെയാണ് പേരാമ്പ്ര ഇന്ന് തലയുയർത്തിനിൽക്കുന്നത്.
കെ എം റീന (വൈസ് പ്രസിഡന്റ്)









0 comments