രാപകൽ സമരം സമാപിച്ചു
കോൺഗ്രസും ബിജെപിയും കർഷകരെ വഞ്ചിച്ചു: ജോൺ ബ്രിട്ടാസ് എംപി

തിരുവമ്പാടി
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കർഷകസമൂഹത്തെ കോൺഗ്രസും ബിജെപിയും വഞ്ചിക്കുകയായിരുന്നുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തിൽനിന്ന് മലയോരത്തെ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കണമെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ ഗൗരവമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് സിപിഐ എം തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ തിരുവമ്പാടിയിൽ സംഘടിപ്പിച്ച രാപകൽ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ സംസ്ഥാനങ്ങൾ കൈകാര്യംചെയ്തിരുന്ന വനം–പരിസ്ഥിതി വിഷയം 1972ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് കേന്ദ്രത്തിന്റെകൂടെ അധികാര പരിധിയിലാക്കിയത്. പത്ത് തവണയാണ് നിയമം കർശനമാക്കി ഭേദഗതി വരുത്തിയത്. ഇതിൽ എട്ട് തവണയും കോൺഗ്രസ് ഗവൺമെന്റാണ് നിയമം കർശനമാക്കി ദേദഗതി കൊണ്ടുവന്നത്. രണ്ടുതവണ ബിജെപി ഗവൺമെന്റും. ഇഎസ്എ നിയമം കർശനമാക്കി കർഷകരെ വഞ്ചിച്ച കോൺഗ്രസ് കർഷക കോൺക്ലേവ് നടത്തി കർഷകരുടെ കണ്ണിൽപ്പൊടിയിടുകയാണ്. ഇഎസ്എ വിഷയത്തിൽ കർഷകരുടെ ആശങ്കയകറ്റുകയാണ് ആദ്യം വേണ്ടതെന്നും ബ്രിട്ടാസ് പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം സി ഗണേഷ് ബാബു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ വിനോദ്, ലിന്റോ ജോസഫ്, ഏരിയാ കമ്മിറ്റി അംഗം ജലീൽ കൂടരഞ്ഞി എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി എ ഫിറോസ് ഖാൻ സ്വാഗതവും കെ ടി ബിനു നന്ദിയും പറഞ്ഞു. തിങ്കൾ വൈകിട്ട് ആരംഭിച്ച സമരം ചൊവ്വ രാവിലെയാണ് സമാപിച്ചത്. തിങ്കൾ രാത്രി പാട്ടുപാടിയും കലാപരിപാടി അവതരിപ്പിച്ചും പ്രവർത്തകർ സമരകേന്ദ്രം സജീവമാക്കി. കേന്ദ്ര സർക്കാരിന്റെ ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിലും കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി അടക്കം മലയോര മേഖലയിലെ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കി പരിസ്ഥിതിലോല മേഖല വനത്തിൽ നിലനിർത്തണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്.








0 comments