ad
Deshabhimani

നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി

അടിമുടി മാറുന്നു നഗരപാതകൾ

റോഡ്
വെബ് ഡെസ്ക്

Published on Oct 11, 2025, 02:19 AM | 1 min read

കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകളുടെ നിര്‍മാണ പുരോഗതി മന്ത്രി പി എ മുഹമ്മദ് റിയാസ് വിലയിരുത്തി. പനാത്ത്താഴം- സിഡബ്ല്യുആര്‍ഡിഎം റോഡില്‍ ദേശീയപാതയ്ക്ക് കുറുകെ നേതാജി നഗറില്‍ പണിയുന്ന എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടര്‍നടപടി സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ ചുമതലപ്പെടുത്തി. പ്രധാന നഗര റോഡുകളുടെ നിര്‍മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി കലക്ടറേറ്റ്‌ കോണ്‍ഫറന്‍സ് ഫാളില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്ഗരിയുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മേൽപ്പാലം നിര്‍മിക്കുന്നതിനുള്ള തുകയ്ക്ക് അനുമതിയായിരുന്നു. കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള നഗരപാത വികസന പദ്ധതിയില്‍പ്പെട്ട നഗരത്തിലെ 12 പ്രധാന റോഡുകളുടെ പ്രവര്‍ത്തന പുരോഗതി മന്ത്രി വിലയിരുത്തി. റോഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി രണ്ടാഴ്ച തോറും അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ആകെ 1.072 കിലോമീറ്റര്‍ ദൂരവും 18 മീറ്റര്‍ വീതിയും കണക്കാക്കുന്ന മിനിബൈപാസ് -പനാത്ത്താഴം മേല്‍പ്പാലത്തിന്റെ അതിര്‍ത്തി കല്ലിടല്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കാനാകും. മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ മാനാഞ്ചിറ- മലാപ്പറമ്പ് ഭാഗത്തെ നിര്‍മാണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോണ്‍ക്രീറ്റ് കാനകളുടെ പ്രവൃത്തി 4500 മീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. ​ മീഞ്ചന്ത അരീക്കാട് മേല്‍പ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. മാളിക്കടവ് -തണ്ണീര്‍പന്തല്‍ റോഡ്, അരയിടത്തുപാലം- അഴകൊടി ക്ഷേത്രം -ചെറൂട്ടി നഗര്‍ റോഡ്, കോതിപ്പാലം- ചക്കുംകടവ് -പന്നിയങ്കര മേല്‍പ്പാലം, പെരിങ്ങൊളം ജങ്ഷന്‍ റോഡ്, മൂഴിക്കല്‍ കാളാണ്ടിത്താഴം റോഡ്, കരിക്കാംകുളം-സിവില്‍ സ്‌റ്റേഷന്‍- കോട്ടൂളി റോഡ്, മാങ്കാവ്-പൊക്കുന്ന്- പന്തീരാങ്കാവ് റോഡ്, രാമനാട്ടുകര-വട്ടക്കിണര്‍ റോഡ്, കല്ലുത്താന്‍കടവ്- മീഞ്ചന്ത റോഡ്, മാനാഞ്ചിറ- പാവങ്ങാട് റോഡ്, പന്നിയങ്കര-പന്തീരാങ്കാവ് റോഡ്, ഫറോക്ക് പേട്ട ജങ്ഷന്‍ തുടങ്ങി റോഡുകളുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി. ​യോഗത്തില്‍ കെആര്‍എഫ്ബി പ്രോജക്ട് ഡയറക്ടര്‍ അശോക് കുമാര്‍, പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home