മേള കാണാനെത്തി
കാടിന്റെ മക്കൾ

സരസ് മേള കാണാനെത്തിയ വയനാടൻ സംഘം പി സി കവിതയുമായി സംവദിക്കുന്നു
കോഴിക്കോട് വൈവിധ്യങ്ങളുടെ ലോകം കാണാൻ ചുരമിറങ്ങി സാഹിത്യനഗരിയിലെത്തി കാടിന്റെ മക്കൾ. വയനാട് തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തുകളിൽനിന്നുള്ള തൊണ്ണൂറോളം കുട്ടികളാണ് ദേശീയ സരസ് മേള കാണാനെത്തിയത്. കാട്ടുനായ്ക്കർ, പണിയർ, അടിയർ, കുറുമർ എന്നീ വിഭാഗങ്ങളിൽനിന്നുള്ള, കുടുംബശ്രീ ട്രൈബൽ പ്രത്യേക പദ്ധതിയായ ബ്രിഡ്ജ് കോഴ്സ്, ബാലസഭ വിദ്യാർഥികളാണ് മേള സന്ദർശിക്കാനെത്തിയത്. തിരുനെല്ലിയിൽനിന്ന് 47 കുട്ടികളും നൂൽപ്പുഴയിൽനിന്ന് 40 കുട്ടികളുമാണ് എത്തിയത്. മേള മുഴുവൻ ചുറ്റിക്കറങ്ങിയ കുട്ടികൾ ഫുഡ് കോർട്ടിൽ ഒരുക്കിയ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സ്വാദുകൾ രുചിക്കാനും മറന്നില്ല. മേള സന്ദർശിക്കുന്നതിന് മുന്നോടിയായി സംഘം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി സി കവിതയുമായി സംവദിച്ചു. ആദ്യമായി സരസ് മേള കാണാനെത്തിയവരെ സ്വീകരിക്കാനും സ്റ്റാളുകൾ പരിചയപ്പെടുത്താനും വയനാട് സ്പെഷ്യൽ പ്രോജക്ട് കോ ഓർഡിനേറ്റർ സായി കൃഷ്ണനും ബ്രിഡ്ജ് കോഴ്സ് അധ്യാപകരും ഒപ്പം ചേർന്നു. കടൽത്തീരത്ത് ഏറെ സമയം ചെലവഴിച്ചശേഷമാണ് കുട്ടിക്കൂട്ടം വയനാട്ടിലേക്ക് മടങ്ങിയത്.










0 comments