പൊള്ളിച്ച് ചൂട്

ഹെൽമെറ്റ് ഇല്ലെങ്കിൽ പൊള്ളും .. ചുട്ടുപൊള്ളുന്ന വെയിലിനെ മറക്കാൻ ഷാൾ ഉപയോഗിച്ച് തല മറച്ചു--പോകുന്ന ബൈക്ക് യാത്രിക. പാളയത്ത് നിന്നുള്ള ദൃശ്യം
സ്വന്തം ലേഖകൻ കോഴിക്കോട് വേനൽച്ചൂടിൽ വെന്തുരുകി ജില്ല. കൊടും ചൂടായതോടെ തൊഴിലാളികളും പൊതുഇടങ്ങളിൽ എത്തുന്നവരുമെല്ലാം ദുരിതമനുഭവിക്കുകയാണ്. സൂര്യാഘാതത്തിനും മറ്റും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കൾ ജില്ലയിൽ പകൽസമയം പൊള്ളുന്ന ചൂടാണ് അനുഭവപ്പെട്ടത്. 37 ഡിഗ്രി വരെ ചൂടാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടുതലാണ്. വരുംദിവസങ്ങളിലും ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം വ്യാഴം വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കി. ഉയർന്ന ചൂട് സൂര്യാഘാതത്തിനും സൂര്യാതപത്തിനും നിർജലീകരണത്തിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതിനാൽ പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുന്നത് തുടരണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്‌റ്റ് ഡ്രിങ്കുകൾ എന്നിവ നിർജലീകരണത്തിന് കാരണമാകും. ചൂട് വർധിക്കുന്നതിനാൽ അയഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ വേണം ധരിക്കാൻ. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നന്നായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണമെന്നും ഒആർഎസ് ലായനിയുടെയും സംഭാരത്തിന്റെയും ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്.ചൂട് കൂടിയതോടെ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും കൂട്ടായ്മകളും സംഭാര വിതരണമടക്കമുള്ള പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.









0 comments