12–ാം വയസ്സിൽ തുടങ്ങി; ഇനി മാളികപ്പുറം മേൽശാന്തി

സ്വന്തം ലേഖകൻ
വടകര
‘പ്രതീക്ഷിക്കുന്നതിൽ അർഥമില്ല, ഒരാൾക്കല്ലേ കിട്ടൂ, ഇത് മാളികപ്പുറത്തമ്മയുടെ തീരുമാനം’– ദാമോദരൻ നമ്പൂതിരിയുടെ വാക്കുകളിൽ നിറയെ സന്തോഷം. മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രതീക്ഷിച്ചത് ലഭിച്ചതിന്റെയോ നഷ്ടപ്പെട്ടതിന്റെയോ ആകുലതകളില്ല. ഗുരുനാഥന്റെ അനുഗ്രഹവും സഹപ്രവർത്തകരുടെ പ്രാർഥനയും നാട്ടുകാരുടെ സഹകരണവുമാണ് ഈ നിയോഗത്തിന് പിന്നിൽ. ദാരിദ്ര്യത്തിന്റെ കയ്പുനീര് കുടിച്ചാണ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ക്ഷേത്രത്തിലെ ശാന്തിക്കാരനായത്. പഠിച്ച് ഉന്നതിയിലെത്താൻ ജീവിതാന്തരീക്ഷം തടസ്സമായതോടെ വിവിധ ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായി ജോലിനോക്കി. അന്പത്തിരണ്ടുകാരനായ മണിയൂർ പാലയാട് നട ആയടത്തില്ലത്ത് ദാമോദരൻ നമ്പൂതിരി അഞ്ചാമത്തെ തവണയാണ് ശബരിമല മേൽശാന്തി നറുക്കെടുപ്പിന്റെ പ്രധാന ലിസ്റ്റിൽ ഇടംപിടിക്കുന്നത്. പാലയാട് കോതമല്ലീശ്വര ക്ഷേത്രത്തിൽ പൂജചെയ്താണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് ഒരുവർഷം പതിയാരക്കര പള്ളീപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. 1995 മുതൽ 2008 വരെ ബിലാത്തികുളം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. 13 വർഷത്തിനുശേഷം കീഴൂർ മഹാ ശിവക്ഷേത്രത്തിൽ മേൽശാന്തിയായി. ഷീനയാണ് ഭാര്യ. മക്കൾ: നന്ദന, വരദ.









0 comments