ഭിന്നശേഷിക്കാർക്കും കിടപ്പിലായവർക്കുമായി വെബ്‌സൈറ്റ്
കരുതലിന്റെ ‘ശ്രുതി’യുമായി ചക്കിട്ടപാറ

കെ സുനിൽ
എം ജഷീന
Published on Jul 08, 2025, 01:42 AM | 1 min read
കോഴിക്കോട്
രോഗങ്ങളാൽ, ശാരീരിക പ്രയാസങ്ങളാൽ വീട്ടിനുള്ളിൽ ഒതുങ്ങിപ്പോകുന്നവരേറെയുണ്ട്, ചുറ്റും. അവരെ കേൾക്കുന്നതിലും ആശ്വസിപ്പിക്കുന്നതിലും കൂടെ കൂട്ടുന്നതിലും പലപ്പോഴും പിന്നിലാണ് നമ്മളിൽ പലരും. എന്നാൽ, അവശതയനുഭവിക്കുന്ന ഓരോരുത്തരുടെയും വീടുകളിലെത്തി കരുതലിന്റെ തണലൊരുക്കാൻ ഒരു ഗ്രാമം ഒരുങ്ങുകയാണ്. നാട്ടിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക മാത്രമല്ല, തൊഴിലും തെറാപ്പിയും കൃഷിയും വിനോദവുമായി കുടുംബത്തെയാകെ മുഖ്യധാരയിലെത്തിക്കുന്ന ‘ശ്രുതി’ പദ്ധതിയുമായി ചക്കിട്ടപാറ പഞ്ചായത്താണ് സംസ്ഥാനത്തിനാകെ മാതൃകയാകുന്നത്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, കിടപ്പുരോഗികൾ തുടങ്ങിയ പാർശ്വവൽകൃത വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിഞ്ഞ് നിറപ്പകിട്ടാർന്ന ജീവിതം സാധ്യമാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമം. ഒരുകോടി രൂപയാണ് പദ്ധതിയ്‌ക്കായി വകയിരുത്തിയത്. ആദ്യഘട്ടമായി പഞ്ചായത്തിലെ ഓരോ ഭിന്നശേഷിക്കാരുടെയും സമഗ്രവിവരങ്ങൾ അടങ്ങിയ വെബ്‌സെറ്റ് ‘സജീവം’ സജ്ജമാക്കി. 228 പേരുടെ വിവരങ്ങളാണുള്ളത്. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരം വെബ്‌സൈറ്റ് എന്ന് പദ്ധതി തയ്യാറാക്കിയ ജി രവി (റിട്ട. ജിഎച്ച്‌എസ് വെങ്ങപ്പറ്റ) പറയുന്നു. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൊഴിലും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നത്. മുതുകാട് 50 ലക്ഷം രൂപ ചെലവിട്ട് കെട്ടിടവും നിർമിച്ചു. ഇവിടെ പാർക്ക്, വിനോദോപാധികൾ, വിജ്ഞാന സ്രോതസ്സുകൾ, തെറാപ്പി സെന്ററുകൾ, ജീവിത നൈപുണീവികസന കേന്ദ്രം, വൈദ്യസഹായം, തൊഴിൽ പരിശീലനം, രക്ഷിതാക്കൾക്ക് കൗൺസലിങ്, വയോജന വിശ്രമ കേന്ദ്രം, തൊഴിൽ സംരംഭങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കും. ബഡ്സ് സ്കൂൾ പ്രവർത്തനങ്ങളെയും ഇതിന്റെ ഭാഗമാക്കും. ഏതൊരു വീട്ടിലും ഭിന്നശേഷിക്കാരോ കിടപ്പുരോഗികളോ ഉണ്ടെങ്കിൽ വീട്ടിലെത്തിയും ഈ കേന്ദ്രത്തിൽനിന്ന് സാന്ത്വന, പരിചരണ കരങ്ങളെത്തും. ഭിന്നശേഷിക്കാരെ പകൽ പരിചരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ടാവും. കേന്ദ്രത്തിന്റെ പരിപാലന ചുമതല കുടുംബശ്രീ യൂണിറ്റിനാണ്.
2026 മാർച്ചോടെ സാക്ഷാൽക്കരിക്കും: കെ സുനിൽ
പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് കൈത്താങ്ങ് ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് ‘ശ്രുതി’ നടപ്പാക്ക്കുന്നതെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ പറഞ്ഞു. കെട്ടിടം പൂർത്തിയായി. തൊഴിൽ പരിശീലനത്തിനുൾപ്പെടെ 50 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സജ്ജമാക്കിയാൽ അടുത്ത മാർച്ചിൽ പദ്ധതി സാക്ഷാൽക്കരിക്കാനാവും.










0 comments