കോർപറേഷൻ കോൺഗ്രസ് കക്ഷിനേതാവും ഭരണസമിതിയിൽ
വേങ്ങേരി അർബൻ സൊസൈറ്റിയിൽ 15 കോടിയുടെ ക്രമക്കേട്

പി കെ സജിത്
Published on Dec 08, 2025, 01:29 AM | 2 min read
കോഴിക്കോട്
കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കോൺഗ്രസ് കക്ഷിനേതാവും ഭരണസമിതി അംഗങ്ങളായ വേങ്ങേരി അർബൻ സഹകരണസംഘം സൊസൈറ്റിയിൽ നടന്നത് 15 കോടിയോളം രൂപയുടെ വായ്‌പാ തട്ടിപ്പെന്ന് അന്വേഷണ റിപ്പോർട്ട്. കോർപറേഷൻ മലാപ്പറന്പ് ഡിവിഷൻ സ്ഥാനാർഥിയും നിലവിൽ കോർപറേഷൻ കൗൺസിൽ കോൺഗ്രസ് കക്ഷിനേതാവുമായ കെ സി ശോഭിതയും കെപിസിസി ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്‌ണനും കോർപറേഷൻ കൗൺസിലർ കെ പി രാജേഷ് കുമാറും ഭരണസമിതി അംഗങ്ങളായ സൊസൈറ്റിയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ഡിസിസിയിലെ പ്രമുഖ നേതാവ് വായ്‌പയെടുത്തിട്ട് ഒരുപൈസയും തിരിച്ചടച്ചില്ലെന്നും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. കോർപറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ കെ പി രാജേഷ്‌കുമാറാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ. 2012 ജനുവരി 11ന് പ്രവർത്തനം ആരംഭിച്ച സൊസൈറ്റിയുടെ ആദ്യകാലം മുതൽ ഭരണസമിതിയംഗമാണ് ശോഭിത. 2017 മുതലാണ് ശോഭിതയും വിദ്യാ ബാലകൃഷ്‌ണനും ഒന്നിച്ച് ഭരണസമിതിയിലെത്തുന്നത്.
2016 മുതൽ 2023 വരെയുള്ള ഏഴുവർഷത്തിനിടയിൽ സൊസൈറ്റിയിലെ തട്ടിപ്പിൽ ഭരണസമിതി അംഗങ്ങൾക്കുപുറമെ താൽക്കാലിക ജീവനക്കാർ വരെ ഭാഗമായെന്ന് റിപ്പോർട്ട് അടിവരയിടുന്നു. സൊസൈറ്റിയുടെ ശാഖയ്‌ക്കകത്ത് കയറാത്തവർ വരെ വായ്പാത്തട്ടിപ്പിന്റെ ഇരകളായെന്നാണ് കണ്ടെത്തൽ. തട്ടിപ്പിന് നേതൃത്വം നൽകിയത് ഭരണസമിതി പ്രസിഡന്റും ഡിസിസി ഓഫീസ് സെക്രട്ടറിയുമായ എം ടി ദിനേശനാണ്.
വ്യവസ്ഥ പാലിക്കാതെ വായ്‌പ നൽകിയതായും നിക്ഷേപവും സാന്പാദ്യവും സ്വീകരിച്ച് സർക്കുലറിന് വിരുദ്ധമായി അധികപലിശ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. സ്വർണപ്പണയ വായ്‌പ പരമാവധി രണ്ടുലക്ഷം രൂപവരെയും വ്യക്തിഗത വായ്‌പ രണ്ടാൾ ജാമ്യത്തിൽ 25,000 രൂപ വരെയും നൽകാം. 25,000 രൂപമുതൽ രണ്ടുലക്ഷം രൂപവരെ കിട്ടണമെങ്കിൽ രണ്ട് ഉദ്യോഗസ്ഥരുടെ ശന്പള സർട്ടിഫിക്കറ്റും നിർബന്ധമാണ്. രണ്ടുലക്ഷം രൂപമുതൽ മൂന്നുലക്ഷം രൂപവരെ വസ്‌തുപണയ വായ്‌പയിലേ നൽകാൻ പാടുള്ളൂ. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി വ്യാജരേഖകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. തുച്ഛ വിലയുള്ള ഭൂമിക്കും പരിധി ലംഘിച്ച് അധികവായ്‌പ നൽകിയിട്ടുണ്ട്.
ഓരോ തട്ടിപ്പും പുറത്തറിയില്ലെന്ന ഉറപ്പിൽ
തനിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കെ പി രാജേഷ് കുമാർ ഓരോ തട്ടിപ്പും ആസൂത്രണം ചെയ്‌തതെന്ന് വ്യക്തം. 15 കോടിയോളം രൂപയുടെ വായ്‌പാത്തട്ടിപ്പ് നടന്നിട്ടും ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് രാജേഷ്‌കുമാറിനെ സസ്പെൻഡ് ചെയ്യാൻ ഭരണസമിതി തീരുമാനിച്ചത്. ഇത്രയും തട്ടിപ്പ് നടത്തിയിട്ടും ക്രിമിനൽ നടപടി സ്വീകരിക്കാൻ സൊസൈറ്റിയോ ഭരണസമിതിയോ തയ്യാറായിട്ടില്ല. ഉന്നതനേതാക്കളുമായുള്ള രാജേഷ് കുമാറിന്റെ ബന്ധമാണ് കാരണം.
സൊസൈറ്റിയിലെ മുഴുവൻ ജീവനക്കാരും തട്ടിപ്പിന് ഇരയായവരും മൊഴിയും വ്യക്തമായ തെളിവുകളും നൽകിയിട്ടും ഒരു നടപടിക്കും കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. ശോഭിതയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഘട്ടത്തിൽ കാരപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുകളിലും വാർഡിലെ പല ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർഥിത്വത്തിനെതിരെ ഇക്കാര്യം ഉന്നയിച്ച് നോട്ടീസ് പതിച്ചിരുന്നു.
തട്ടിപ്പിന്റെ യഥാർഥ ചിത്രം പുറത്തുവരുന്നത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കെ പി രാജേഷ് കുമാറിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു. സൊസൈറ്റിയിലെ ഒരു വിഭാഗം ജീവനക്കാർക്കും തട്ടിപ്പിന് ഇരയാക്കപ്പെട്ട ആളുകൾക്കും എടുക്കാത്ത വായ്‌പയുടെ തിരിച്ചടവിനുള്ള നോട്ടീസ് അയച്ചതോടെയാണ് പുറത്തറിഞ്ഞത്. ദിനേശന്റെയും രാജേഷ് കുമാറിന്റെയും അടുത്ത സുഹൃത്തായ പാലാട്ട് എൻജിനീയേഴ്സ് എന്ന സ്ഥാപനത്തിലെ മാനേജിങ് ഡയറക്ടറായിരുന്ന സജിത്ത് ലാലിനെ മുൻനിർത്തിയായിരുന്നു തട്ടിപ്പുകൾ. വോഡഫോൺ ഏജൻസി കൂടിയുള്ള സജിത്ത് ലാൽ സിം എടുക്കാനെത്തുന്നവരുടെ ആധാർ കാർഡുകൾ ഉപയോഗിച്ചും സ്ഥാപനത്തിലെ ജീവനക്കാരുടെ രേഖകൾ ഉപയോഗിച്ചും വായ്പകളെടുത്തു. പലരുടെയും പേരിൽ നിരവധി ചിട്ടികൾ ആരംഭിച്ച് വിളിച്ചെടുത്തു. രേഖ ഇല്ലാതെ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സജിത്ത് ലാലിന് സാമ്പത്തിക തിരിമറി നടത്താൻ അന്നത്തെ ഭരണസമിതി കൂട്ടുനിന്നു.
ചില പരാതിക്കാർ ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിനും എം കെ രാഘവൻ എംപിയടക്കമുള്ള നേതാക്കൾക്കും പരാതി കൊടുത്തിരുന്നു. എന്നാൽ അതൊക്കെ അട്ടിമറിക്കപ്പെട്ടതായാണിപ്പോൾ വ്യക്തമാകുന്നത്.










0 comments