ad
Deshabhimani

തൊഴിലുറപ്പിന്‌ മരണമണി

ആശങ്കയിൽ ഒന്നരലക്ഷം കുടുംബങ്ങൾ

തൊഴിലുറപ്പു പദ്ധതി

തൊഴിലുറപ്പു പദ്ധതി

വെബ് ഡെസ്ക്

Published on Dec 17, 2025, 12:00 AM | 2 min read


കോഴിക്കോട്‌

ഗ്രാമീണ കുടുംബങ്ങളുടെ ജീവനാഡിയായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ജില്ലയിൽ പെരുവഴിയിലാക്കുന്നത്‌ ഒന്നരലക്ഷം കുടുംബങ്ങളെ. കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ അധിക സാന്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ മുകളിൽ കെട്ടിവയ്‌ക്കുന്നതോടെ കൂടുതൽ തൊഴിൽദിനങ്ങൾ എങ്ങനെ സൃഷ്‌ടിക്കുമെന്ന ചോദ്യമാണ്‌ തൊഴിലാളികൾ ഉയർത്തുന്നത്‌.

പദ്ധതിയുടെ ഫണ്ട്‌ കേന്ദ്രസർക്കാർ നിരന്തരം വെട്ടിക്കുറയ്‌ക്കുന്പോഴും തൊഴിലുറപ്പിൽ മാതൃക തീർത്ത ജില്ലയിലൊന്നാണ്‌ കോഴിക്കോട്‌. 1.09 കോടി തൊഴിൽദിനങ്ങൾ സൃഷ്‌ടിച്ചാണ്‌ ജില്ല റെക്കോഡിട്ടത്‌. സാന്പത്തിക ഉത്തരവാദിത്വത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറുന്നതോടെ കൂടുതൽ തൊഴിൽ ദിനങ്ങളല്ല, ഉള്ള തൊഴിൽ കൂടി നഷ്ടമാവുമോ എന്ന ആശങ്കയാണ്‌ തൊഴിലാളികൾ പങ്കിടുന്നത്‌. തൊഴിൽ ഉറപ്പാക്കാൻ സംസ്ഥാനത്തിനായില്ലെങ്കിൽ തൊഴിലില്ലായ്‌മ അലവൻസ്‌ നൽകേണ്ട ബാധ്യതകൂടി സംസ്ഥാനത്തിന്‌ വരും. ഇതോടെ പദ്ധതിയെങ്ങനെ കൊണ്ടുപോവാൻ കഴിയുമെന്നാണ്‌ ഇ‍ൗ മേഖലയിലുള്ളവരുടെ ചോദ്യം.

2023–-24 സാമ്പത്തികവർഷം ലക്ഷ്യമിട്ടതിൽനിന്ന്‌ എട്ടര ലക്ഷത്തിലധികം തൊഴിലാണ്‌ ജില്ലയിൽ അധികം സൃഷ്‌ടിച്ചത്‌. 70 പഞ്ചായത്തുകളിലും 12 ബ്ലോക്ക് പഞ്ചായത്തുകളിലുമായി 1,09,88,011 തൊഴിൽ ദിനങ്ങൾ നൽകി. കഴിഞ്ഞ വർഷം ഇത്‌ 1,01,51,884 ആയിരുന്നു.

കാർഷിക, കാർഷികേതര മേഖലകളിൽ കൂടുതൽ പ്രവൃത്തികൾ ഏറ്റെടുത്താണ്‌ തൊഴിൽ ദിനങ്ങൾ വർധിപ്പിച്ചത്‌. 24,000–ത്തോളം പ്രവൃത്തികൾ ഏറ്റെടുത്തു. ജില്ലയിലാകെ 1,48,608 കുടുംബങ്ങൾക്കാണ്‌ തൊഴിൽ ലഭിച്ചത്‌. 76,564 കുടുംബങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ കിട്ടി. 46,481.37 ലക്ഷം രൂപ കൂലി ഇനത്തിൽ ചെലവഴിച്ചു. നിലവിൽ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഫണ്ടിങ്ങിൽ 90 ശതമാനം തുക കേന്ദ്രവും 10 ശതമാനം സംസ്ഥാനങ്ങളുമാണ്‌ വഹിക്കുന്നത്‌. പുതിയ ബിൽ നിയമമാകുന്നതോടെ ഇത്‌ 60:40 ആകും. സംസ്ഥാനങ്ങൾക്കുള്ള വിഹിതവും കേന്ദ്രസർക്കാരാണ്‌ നിശ്ചയിക്കുന്നത്‌.

തൊഴിലുറപ്പ്‌ പദ്ധതി *തകർക്കരുത്‌

കോഴിക്കോട്‌

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തകർക്കാനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്തിരിയണമെന്ന്‌ നാഷണൽ ലീഗ്‌ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ പുതിയ നീക്കം പദ്ധതിയെ പൂർണമായും അട്ടിമറിക്കുന്നതിന്‌ തുല്യമാണെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. എ പി അബ്ദുൽ വഹാബ് പ്രസ്താവനയിൽ പറഞ്ഞു.

അട്ടിമറിക്കരുത്: *എൻസിപി എസ്

കോഴിക്കോട്

ഗാന്ധിജിയുടെ പേര് ഒഴിവാക്കിയും ഫണ്ട്‌ വിഹിതം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഞെക്കി കൊല്ലാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എൻസിപി എസ്‌ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സർക്കാർ നടപ്പാക്കിപ്പോന്ന തൊഴിലുറപ്പ്‌ പദ്ധതി രാജ്യത്തുടനീളം ഗ്രാമീണ ജനതയുടെ ദാരിദ്ര്യ നിർമാർജനത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും ഉതകുന്ന ബൃഹദ്‌ പദ്ധതിയാണ്.

തൊഴിലുറപ്പിനെ ഇല്ലാതാക്കുന്ന നടപടിക്കെതിരെ 22ന് കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധ സമരത്തിൽ ജില്ലയിലെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home