വിൽപ്പന 30 ശതമാനം റിബേറ്റിൽ
സമ്മര്‍ കൂളാക്കാൻ ഖാദി

സ്വന്തം ലേഖിക
Published on May 07, 2026, 01:01 AM | 1 min read
കോഴിക്കോട്
നാട്ടിലും നഗരത്തിലും ഇനി ഖാദിക്കാലം. പൊള്ളുന്ന ചൂടിൽനിന്ന് ശരീരത്തെ തണുപ്പിക്കുന്ന പരമ്പരാഗത ഖാദി വസ്ത്രങ്ങൾ വാങ്ങിക്കൂട്ടാൻ തിരക്കേറി. ഖാദി സമ്മര്‍ കൂൾ മേളയ്ക്ക് തുടക്കമായി. 30 ശതമാനം സര്‍ക്കാര്‍ റിബേറ്റിലാണ് തുണിത്തരങ്ങളുടെ വിൽപ്പന. ചുരിദാര്‍ മെറ്റീരിയൽ, സാരി, ബെഡ്ഷീറ്റ്, ദോത്തി, ഷര്‍ട്ട് പീസ്, ഷര്‍ട്ട് മെറ്റീരിയൽ തുടങ്ങിയവയിൽ വൈവിധ്യമാര്‍ന്ന ഡിസൈനുകളുമായാണ് ഖാദി വസ്ത്രങ്ങൾ വിപണിയിലെത്തിയത്. ഷര്‍ട്ട് മെറ്റീരിയലുകളിൽ മനില, പട്ടാമ്പി, ടാക്ക മസ്‌ലി, മിസ്റ്റര്‍ ഖാദി എന്നിവയ്ക്കും മുണ്ടുകളിൽ കുപ്പടത്തിനുമാണ് ആവശ്യക്കാര്‍ കൂടുതൽ. 560 രൂപമുതൽ ഷര്‍ട്ട് മെറ്റീരിയലും മുണ്ടുകളും 700 രൂപമുതൽ ടോപ്പുകളും ലഭിക്കും. കുപ്പടം ഡബിൾ മുണ്ടിന് 2500 രൂപയാണ് വില. ബെഡ്ഷീറ്റുകളുടെ വില 560 രൂപ മുതലാണ്. കോഴിക്കോട് സര്‍വോദയ സംഘത്തിന്റെ നേതൃത്വത്തിലാണ് ഖാദി സമ്മര്‍ കൂൾ മേള സംഘടിപ്പിക്കുന്നത്. മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംബോറിയത്തില്‍ നാച്വറൽ ലൈഫ് പ്രകൃതി ജീവനാലയം ചെയര്‍മാൻ ജേക്കബ് വടക്കാഞ്ചേരി മേള ഉദ്ഘാടനംചെയ്തു. കോഴിക്കോട് സര്‍വോദയ സംഘം പ്രസിഡന്റ് കെ കെ മുരളീധരൻ അധ്യക്ഷനായി. അഡ്വ. റോസ്-മേരി റോബര്‍ട്ട് ആദ്യ വിൽപ്പന ഏറ്റുവാങ്ങി. കൗൺസിലര്‍ ശ്രീജ സി നായര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൺവീനര്‍ സി പി അബ്ദുറഹ്മാൻ എന്നിവര്‍ സംസാരിച്ചു. ടി ഷൈജു സ്വാഗതവും എ രാജേഷ് നന്ദിയും പറഞ്ഞു. 26വരെയാണ് മേള. ഖാദി വസ്ത്രങ്ങൾ ശരീരത്തിൽനിന്ന് വിയര്‍പ്പ് വലിച്ചെടുത്താണ് ചൂടിൽനിന്ന് സംരക്ഷിക്കുന്നത്. ശരീരത്തിലേക്കുള്ള വായുസഞ്ചാരം വര്‍ധിപ്പിക്കാനും തുണിത്തരങ്ങൾക്ക് സാധിക്കും. തുണിയിൽ രാസപദാര്‍ഥങ്ങളുടെ അളവ് കുറവായതിനാൽ ചൂടുകുരു, ചൊറിച്ചിൽ ഉൾപ്പെടെയുള്ള ചര്‍മപ്രശ്നങ്ങളും ഉണ്ടാകുന്നില്ല. അലക്കുന്നതിനനുസരിച്ച് വസ്ത്രങ്ങൾ കൂടുതൽ മൃദുവാകുമെന്നതും പ്രത്യേകതയാണ്.









0 comments