ad
Deshabhimani

ജീവിതം സമരായുധമാക്കി അബൂബക്കർ മടങ്ങി

s

അബൂബക്കറിന്റെ മൃതദേഹം കെഎംസിടി മെഡിക്കൽ കോളേജിന്‌ കൈമാറുന്നു

avatar
ബൈജു വയലിൽ

Published on Jul 18, 2026, 12:00 AM | 1 min read

കണ്ണാടിക്കൽ

കണ്ണാടിക്കൽ കുറുങ്ങോട്ട് അബൂബക്കറിന്‌ ജീവിതം സമരായുധമായിരുന്നു. അതിൽ കൃത്രിമമായ ചേരുവകൾ കലരാതെ മരണംവരെ ജീവിച്ചു. വരുംതലമുറയ്‌ക്ക്‌ വഴികാട്ടിയായി ചിന്തകളും ജീവിതവും മാറ്റിവച്ചു. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക്‌ പഠനത്തിന്‌ നൽകണമെന്ന്‌ എഴുതിവച്ച്‌ മരണമുഖത്തും മാതൃകയായി.

യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച അബൂബക്കർ വായനയിലൂടെയാണ്‌ പുരോഗമന ആശയങ്ങളിൽ ആകൃഷ്‌ടനായത്‌. പട്ടിണിനിറഞ്ഞ കുട്ടിക്കാലവും ദാരിദ്ര്യവും വായനയും അയാളിലെ യുക്തിവാദിക്ക് ആഴവും പരപ്പും നൽകി. തനിക്ക്‌ ശരിയല്ലെന്ന്‌ തോന്നിയ ഒന്നിനോടും അദ്ദേഹം സന്ധിചെയ്തില്ല. അയിത്തവും അനാചാരങ്ങളും കൊടികുത്തിവാണ കാലത്ത്‌ ജാതിയെയും മതത്തെയും എതിർത്ത് യുക്തിവാദ പ്രസ്ഥാനത്തിലേക്ക് നീങ്ങി. യു കലാനാഥനുമായുള്ള അടുപ്പം അതിന്‌ ആഴം നൽകി. തെരുവുകൾതോറും യുക്തിവാദ ആശയങ്ങൾ വിളിച്ചുപറഞ്ഞതിന് നിരവധി തവണ ക്രൂര മർദനത്തിനിരയായി. വായനയിലൂടെ ആർജിച്ച അറിവ്‌ വലത് ആശയങ്ങൾക്കെതിരെ പടവാളാക്കി.

കണ്ണാടിക്കൽ യുവജന ആർട്‌സ് ക്ലബ്ബിലൂടെ കലാസാംസ്‌കാരിക പ്രവർത്തനത്തിന്‌ പുതിയ മുഖം നൽകി. അന്തരിച്ച ദശരഥനെയും കെ പി അശോകനെയും ചേർത്തുപിടിച്ച് അയാൾ കണ്ണാടിക്കലെന്ന ഗ്രാമത്തിന്റെ സാംസ്‌കാരികമുഖമാക്കി അതിനെ മാറ്റി. കുട്ടികളെയും യുവാക്കളെയും ഒപ്പം ചേർത്ത് മൂവർസംഘം നടത്തിയ പ്രവർത്തനങ്ങൾ നാടേറ്റെടുത്തതോടെ കണ്ണാടിക്കൽ സാംസ്‌കാരിക ഗ്രാമമായി. കുട്ടികളുടെ നാടകത്തിനുള്ള സംസ്ഥാന പുരസ്‌കാരം മൂന്ന് തവണ ക്ലബ്ബിനെ തേടിയെത്തി. തന്റെ ആശയങ്ങൾ നാടകങ്ങളിലൂടെ തീയായി പകർന്നു.

മരിച്ചാലും ആദർശങ്ങളിൽ വെള്ളം ചേർക്കരുതെന്ന്‌ അദ്ദേഹത്തിന്‌ നിർബന്ധമുണ്ടായിരുന്നു. സുഹൃത്തുക്കളായ ദശരഥനെയും കെ പി അശോകനെയും സാക്ഷികളാക്കി മൃതശരീരം വിദ്യാർഥികൾക്ക് പഠിക്കാൻ നൽകണമെന്ന് എഴുതിവച്ചു. സിപിഐ എം അംഗമായിരുന്ന അബൂബക്കർ പ്രായമായതോടെയാണ്‌ പാർടി പ്രവർത്തനം അവസാനിപ്പിച്ചത്‌. കുടുംബങ്ങളുടെ അനുമതിയോടെ മൃതദേഹം കെഎംസിടി മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പഠനത്തിനായി കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home