ad
Deshabhimani

തിരുവമ്പാടിയുടെ സ്‌നേഹവും കരുതലും

a
avatar
പി ചന്ദ്രബാബു

Published on Mar 25, 2026, 01:46 AM | 1 min read

മുക്കം

വയനാടും മലപ്പുറവും അതിരിടുന്ന ജില്ലയിലെ കിഴക്കൻ മലയോര കുടിയേറ്റ മേഖല ഉൾപ്പെടുന്ന തിരുവമ്പാടി വികസന വിപ്ലവ പൂർത്തീകരണത്തിന് ഒരിക്കൽകൂടി ചുവപ്പണിയാനുള്ള തയ്യാറെടുപ്പിലാണ്. അസാധ്യമെന്ന് പലരും പ്രചരിപ്പിച്ച ആനക്കാംപൊയിൽ–-കള്ളാടി–മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങി. രാജ്യമാകെ ശ്രദ്ധിക്കുന്ന വികസന മുന്നേറ്റങ്ങൾ സൃഷ്ടിച്ച മണ്ഡലം ഇനിയൊരു തിരിച്ചുപോക്കിനില്ലെന്ന ദൃഢനിശ്ചയത്തിലാണ്.

1977ൽ മണ്ഡലം നിലവിൽവന്നശേഷം തുടർച്ചയായി യുഡിഎഫ് പ്രതിനിധീകരിച്ചു. 2006ൽ മത്തായി ചാക്കോവിലൂടെയാണ് എൽഡിഎഫ് ആദ്യമായി പിടിച്ചെടുത്തത്. 2006നുശേഷം ഒരുതവണയേ മണ്ഡലം വലത്തേയ്ക്ക് ചാഞ്ഞിട്ടുള്ളൂ. പത്ത് വർഷത്തിനിടെ ജോർജ് എം തോമസും ലിന്റോ ജോസഫും നടപ്പാക്കിയ വികസനങ്ങൾ മണ്ഡലത്തെ കാലത്തിനുമുന്നേ കുതിക്കാൻ പ്രാപ്തമാക്കി. അഞ്ചുവർഷത്തിനിടെ 3875 കോടി രൂപയുടെ വികസനങ്ങളാണ് തിരുവമ്പാടിയിൽ യാഥാർഥ്യമായത്.

തുടർച്ചയായ രണ്ടാംജയം തേടിയാണ്‌ ലിന്റോ ഇക്കുറി മലയോരത്തെ വോട്ടർമാരെ സമീപിക്കുന്നത്. വയനാട് തുരങ്കപാത നിർമാണം തുടങ്ങിയതും മലയോര ഹൈവേയുടെ മണ്ഡലത്തിലൂടെ കടന്നുപോകുന്ന റീച്ച് പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാനായതും വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് വഴിതുറന്നതുമുൾപ്പെടെ ഒട്ടനവധി വികസന മുന്നേറ്റത്തിന്‌ മണ്ഡലം സാക്ഷിയായി.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ലിന്റോ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു. നിലവിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ്‌.

2019ലെ പ്രളയകാലത്ത് ആഗസ്‌ത്‌ 12ന് രാത്രി കൂമ്പാറയിലെ മാങ്കുന്ന് ഉന്നതിയിലെ അർബുദരോഗിയെയുംകൊണ്ട് ആംബുലൻസ് ഡ്രൈവ് ചെയ്ത് ആശുപത്രിയിലേക്ക് പോകുംവഴി മുക്കം ബൈപാസിൽ ദിശതെറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്‌ വലത്‌ കാലിന് പരിക്കേറ്റത്‌. കാലിന്റെ സ്വാധീനവും കുറഞ്ഞു. സ്വന്തം ജീവൻ മറന്ന് അപരന്റെ ജീവന് പ്രാമുഖ്യം നൽകിയ ലിന്റോ പിന്നീട് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റായി. പ്രസിഡന്റായിരിക്കെയാണ് നിയമസഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും.

മുസ്ലിംലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്‌ സി കെ കാസിമാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. സ്ഥാനാർഥി നിർണയത്തിൽ ലീഗിനകത്ത്‌ വിയോജിപ്പുകളുണ്ട്‌. മണ്ഡലം തിരിച്ചുകിട്ടാത്തതിനാൽ കോൺഗ്രസിനുള്ള അസംതൃപ്‌തിയും ചെറുതല്ലാതെ പ്രകടമാകും. ട്വന്റി 20യിലെ സണ്ണി തോമസാണ് എൻഡിഎ സ്ഥാനാർഥി. 1,91,695 വോട്ടർമാരാണ്‌ ഇക്കുറി വിധിയെഴുതുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home