ad
Deshabhimani

ബേപ്പൂരിൽ വീണ്ടുമൊരു സുൽത്താൻ

a
avatar
മനാഫ്‌ താഴത്ത്‌

Published on Mar 22, 2026, 01:54 AM | 1 min read

ഫറോക്ക്

ഉരുപ്പെരുമയാലും മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനാലും ലോകമറിയുന്ന ദേശമാണ്‌ ബേപ്പൂർ. എന്നാൽ കേരളത്തിന്റെ രാഷ്‌ട്രീയമണ്ഡലത്തിലും തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിലും മറ്റൊരു ചരിത്രമുണ്ട്. വർഗീയ അവിശുദ്ധസഖ്യം കോലീബി (കോൺഗ്രസ് -–മുസ്ലീം ലീഗ് - – ബിജെപി) മുന്നണിയുടെ ആദ്യ പരീക്ഷണം അരങ്ങേറിയ മണ്ഡലമാണത്‌. അവിശുദ്ധ വർഗീയ മുന്നണി സ്ഥാനാർഥിയെ കെട്ടുകെട്ടിച്ച പ്രബുദ്ധതയും ബേപ്പൂരിന്‌ സ്വന്തമായുണ്ട്‌.

1965–ലാണ്‌ ബേപ്പൂർ മണ്ഡലം രൂപീകൃതമായത്‌. 61 വർഷത്തിനിടയിൽ ഇതേവരെ 14 നിയമസഭാ തെരഞ്ഞെടുപ്പുകൾ. അതിൽ പതിമൂന്നിലും ചെങ്കൊടി പാറിച്ചതാണ്‌ ബേപ്പൂരിന്റെ രാഷ്‌ട്രീയം. ബേപ്പൂരിന്റെ ആ ചുവപ്പിനിപ്പോൾ ശോഭ ഏറി. 2021ലെ തെരത്തെടുപ്പിൽ 28,747 വോട്ടിന്റെ വന്പൻ ഭൂരിപക്ഷത്തിനാണ്‌ പി എ മുഹമ്മദ് റിയാസ് വിജയിച്ചത്‌. എംഎൽഎയും മന്ത്രിയുമായി ബേപ്പൂരിൽ അഞ്ച് വർഷം വികസനത്തിന്റെ തരംഗപ്രവാഹം സൃഷ്‌ടിച്ചാണ്‌ മുഹമ്മദ്‌ റിയാസ്‌ രണ്ടാമതും വോട്ടർമാരെ സമീപിക്കുന്നത്‌. തുറമുഖവും തീരദേശവും പ്രധാനമായി ഗ്രാമീണത നിറഞ്ഞ ഇ‍ൗ നാടിനെ മാറ്റിയ നാട്ടുകാരൻ എന്ന ഖ്യാതിയുമായെത്തുന്ന റിയാസിന്‌ രാഷ്‌ട്രീയത്തിനതീതമായ സ്വീകാര്യത മണ്ഡലത്തിലുണ്ട്‌. 1500 കോടിയോളം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കി. അതിലേറെ പദ്ധതികൾ ഭാവിയിലേക്കായി തുടക്കമിട്ടു. ഹൈസ്‌കൂളിൽ ക്ലാസ് ലീഡറായി വിദ്യാർഥി–യുവജന സംഘടനയിലൂടെ വളർന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവർത്തിച്ച റിയാസ്‌

നിലവിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്‌. എതിർ സ്ഥാനാർഥിയായി യുഡിഎഫ് അവതരിപ്പിച്ച തൃണമൂൽ കോൺഗ്രസുകാരനായ പി വി അൻവറിനെ തൃണമൂൽ സംസ്ഥാന നേതൃത്വം നേരത്തെ തള്ളിപ്പറഞ്ഞതാണ്‌. അൻവറിന്റെ അനാവശ്യ വിവാദങ്ങളും അവസരവാദവും യുഡിഎഫിനാകെ ബാധ്യതയായിട്ടുണ്ട്‌. യുവമോർച്ച മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റുമായ അഡ്വ. കെ പ്രകാശ് ബാബുവാണ് എൻഡിഎ സ്ഥാനാർഥി. കോഴിക്കോട്‌ കോർപറേഷൻ പരിധിയിലെ ബേപ്പൂർ, ചെറുവണ്ണൂർ നല്ലളം മേഖലകളിലെ 14 ഡിവിഷനുകളും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും ഉൾപ്പെടുന്നതാണ് ബേപ്പൂർ മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ എൽഡിഎഫ് മേധാവിത്വം പ്രകടമായ മണ്ഡലമാണ്‌ ബേപ്പൂർ.

നിലവിൽ 2,17,910 വോട്ടർമാരാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home