ad
Deshabhimani

ഇന്ന്‌ 
വായനദിനം

പ്രായം തളർത്താത്ത വായനവഴികൾ

a

രോഹിണിയമ്മ വായനയിൽ

avatar
എ സജീവ്‌കുമാർ

Published on Jun 19, 2026, 01:33 AM | 1 min read

കൊയിലാണ്ടി

പ്രായം 86 ആയെങ്കിലും അരിക്കുളം ശ്രീപാദത്തെ രോഹിണിയമ്മയ്‌ക്ക്‌ വായനയില്ലാതെ ഒരുദിവസം പോലും തള്ളിനീക്കാനാവില്ല. എന്തെങ്കിലും വായിച്ചില്ലെങ്കിൽ എന്തോ ഒന്ന് നഷ്ടപ്പെട്ട പ്രതീതിയാണ്‌. ആർ രാജശ്രീയുടെ ‘ആത്രേയകം’ ആണ്‌ ഇപ്പോൾ വായിക്കുന്നത്‌. കുട്ടിക്കാലം മുതൽ പലപ്പോഴായി വായിച്ച മഹാഭാരതത്തിന്റെ വേറിട്ട വായന ആസ്വദിക്കുകയാണ്‌ അവർ. ചായകുടി കഴിഞ്ഞാൽ പ്രധാന വിനോദം വായനയാണ്‌. ആദ്യം ദിനപത്രങ്ങൾ, തുടർന്ന്‌ പുസ്തകങ്ങൾ. ചിലപ്പോൾ വായന അർധരാത്രി വരെ നീളും. കിടപ്പുമുറിയിലെ കട്ടിലിനുചുറ്റും വായിച്ചതും വായിക്കാനിരിക്കുന്നതുമായ പുസ്തകങ്ങളുടെ കൂമ്പാരമാണ്. ഒരേ സമയത്ത് പല പുസ്തകങ്ങൾ വായിക്കും. വായിച്ചതെല്ലാം ഇപ്പോഴും കൃത്യതയോടെ ഓർത്തെടുക്കും. ജി മാധവൻ നായരുടെ ‘അഗ്നിപരീക്ഷകൾ’ ആത്മകഥയും ഡോ. കെ ശ്രീകുമാറിന്റെ ‘എം ടിയുടെ ജീവചരിത്ര’വുമാണ്‌ സമീപകാലത്ത്‌ വായിച്ചത്‌.

താനൂർ ദേവദാർ ഹൈസ്കൂളിലും മലബാർ ക്രിസ്ത്യൻ കോളേജിലുമായിരുന്നു പഠനം. 1966ൽ കൊയിലാണ്ടി മുൻസിഫ് കോടതിയിൽ ക്ലർക്കായി. 1996ൽ സബ് കോടതി ശിരസ്‌തദാരായി വിരമിച്ചു. ഭർത്താവ് പരേതനായ സി കുഞ്ഞിക്കുട്ടൻ നായരും കോടതിയിൽ ശിരസ്തദാരായിരുന്നു. പഠനകാലത്തേ വായിക്കുമായിരുന്നു. ഭർത്താവിന്റെ പുസ്തകശേഖരം വായനയ്ക്ക് കൂട്ടായി. ആനുകാലികങ്ങളും പതിവായി വായിക്കുമായിരുന്നു. വിജയന്റെ ധർമപുരാണവും പുനത്തിലിന്റെ സ്മാരകശിലകളുമൊക്കെ വായിക്കാൻ ഓരോ ലക്കവും കാത്തിരിക്കുമായിരുന്നുവെന്ന്‌ രോഹിണി അമ്മ പറഞ്ഞു. വീട്ടിൽ പുസ്‌തക ചർച്ചയും സജീവമായിരുന്നു.

പുതിയ പുസ്‌തകങ്ങൾ കണ്ടാൽ വാങ്ങണം. കൈയിലില്ലാത്ത പുസ്‌തകങ്ങൾ പലതും അരിക്കുളം ഭാവന ഗ്രന്ഥശാലയിൽ നിന്നെടുക്കും. സ്വന്തം പുസ്തകങ്ങൾ വായനക്കുശേഷം മകൻ ശ്രീനിവാസന്റെ ഹോം ലൈബ്രറിക്ക് കൈമാറും. പുനത്തിൽ കുഞ്ഞബ്ദുള്ളയും എം മുകുന്ദനും സി രാധാകൃഷ്ണനും ഇഷ്ടപ്പെട്ട എഴുത്തുകാരാണ്‌. പുതിയ എഴുത്തുകാരും പ്രിയം. എം ടിയുടെ ചെറുകഥകളോടും നോവലിനോടുമാണ്‌ പ്രത്യേക മമതയെന്നും രോഹിണിയമ്മ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home