ad
Deshabhimani

സ്വകാര്യ ലോബിക്കായി 
കെഎസ്‌ആർടിസിയുടെ സമയമാറ്റം

കെഎസ്‌ആർടിസി
വെബ് ഡെസ്ക്

Published on Jul 27, 2026, 01:31 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ സ്വകാര്യ ലോബി അടക്കിവാണിരുന്ന ദേശസാൽകൃത റൂട്ടുകളിൽ വീണ്ടും കൊള്ളയ്‌ക്ക്‌ വഴിയൊരുക്കി കെഎസ്‌ആർടിസി. കോടതി നിർദേശപ്രകാരം സ്വകാര്യ റൂട്ടുകളിൽനിന്ന്‌ ഏറ്റെടുത്ത്‌ ഓടുന്ന ടേക്ക്‌ ഓവർ സർവീസിന്റെ സമയം മാറ്റിയാണ്‌ കെഎസ്‌ആർടിസി സ്വകാര്യ ബസ്‌ മുതലാളിമാർക്ക്‌ അനുകൂല നിലപാട്‌ സ്വീകരിക്കുന്നത്‌. കോഴിക്കോട്‌ – പാലക്കാട്‌ റൂട്ടിൽ ഓടുന്ന ട‍ൗൺ ടു ട‍ൗൺ ബസിന്റെ സമയക്രമത്തിലാണ്‌ മാറ്റം വരുത്തിയത്‌. പുലർച്ചെ 4.35ന്‌ കോഴിക്കോട്ടുനിന്നും പാലക്കാട്‌ പോയി തിരിച്ചെത്തി പിന്നീട്‌ മഞ്ചേരിയിലേക്കും തിരിച്ചും സർവീസ്‌ നടത്തിയിരുന്ന സർവീസിന്റെ സമക്രമമാണ്‌ മാറ്റിയത്‌. പുതിയ സമയക്രമമനുസരിച്ച്‌ രാവിലെ 4.50–നാണ്‌ ബസ്‌ കോഴിക്കോടുനിന്ന്‌ പുറപ്പെടുന്നത്‌. 8.10ന്‌ പാലക്കാടെത്തും. തിരിച്ച്‌ 9.11ന്‌ പുറപ്പെട്ട്‌ പകൽ 1.15ന്‌ കോഴിക്കോടെത്തും. 2.10ന്‌ മഞ്ചേരിയിലേക്ക്‌ പുറപ്പെടും. വൈകിട്ട്‌ 6.25ന്‌ കോഴിക്കോടെത്തി സർവീസ്‌ അവസാനിപ്പിക്കും വിധത്തിലാണ്‌ സർവീസ്‌ നിശ്ചയിച്ചിരിക്കുന്നത്‌. തിരുവനന്തപുരം ചീഫ്‌ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ്‌ ലാഭകരമായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ സമയത്തിൽ മാറ്റം വരുത്തിയതെന്ന്‌ ജീവനക്കാർ പറയുന്നു. ഒരു കിലോമീറ്റർ സർവീസ്‌ നടത്തുമ്പോൾ 60 രൂപ വരുമാനം ലഭിച്ചിരുന്ന സർവീസിന്റെ സമയം മാറ്റിയത്‌ ഇതേ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്‌ വേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്‌. പല റൂട്ടുകളിലും ഇത്തരത്തിൽ സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്താനുള്ള നീക്കം ഒരുവശത്ത്‌ നടക്കുന്നുണ്ട്‌. ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്റെ ഇടനിലയിലാണ്‌ സ്വകാര്യ ബസ്‌ ലോബിക്ക്‌ വേണ്ടിയുള്ള ഇടപെടൽ ശക്തമായിരിക്കുന്നത്‌. ലാഭകരമായ ബസ്‌ സർവീസിന്റെ സമയം മാറ്റുന്നതിനെതിരെ കെഎസ്‌ആർടിഇഎ (സിഐടിയു) അസി. ട്രാൻസ്‌പോർട്ട്‌ ഓഫീസർക്ക്‌ പരാതി നൽകി. ‍നിർദേശം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുമെന്നും യൂണിയൻ മുന്നറിയിപ്പ്‌ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home