സ്വകാര്യ ബസുകാർ കേൾക്കണം
വിദ്യാര്‍ഥികളോട് വിവേചനം പാടില്ല

കോഴിക്കോട്
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോടുള്ള വിവേചനങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം. വിദ്യാര്‍ഥികളെ ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം കയറ്റുക, ക്യൂ നിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പ്രവണതകള്‍ അനുവദിക്കില്ലെന്ന് എഡിഎം പി അഖിലിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി തുടരും. റെഗുലര്‍ കോഴ്‌സുകളുടെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ബസ് കണ്‍സഷന്‍ നല്‍കണം. പരമാവധി 40 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിക്കാണ് ആനുകൂല്യം.
വെസ്റ്റ്ഹില്‍ ഭാഗത്ത് സ്വകാര്യ ബസുകള്‍ അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതി പരിശോധിക്കും. വിദ്യാര്‍ഥികളുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്നത് അന്വേഷിക്കും.
കോഴിക്കോട് ആര്‍ടിഒ ജെബി ഐ ചെറിയാന്‍, ജോയിന്റ് ആര്‍ടിഒമാർ, സിറ്റി ട്രാഫിക്ക് എസ്‌ഐ സന്തോഷ്, കെഎസ്ആര്‍ടിസി എടിഒ പി കെ പ്രശോഭ്, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രതിനിധികള്‍, ബസുടമ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നേരിട്ട് വിതരണം ചെയ്യുന്ന സംവിധാനത്തിലേക്ക് മാറിയേക്കും
ലീഡ്‌സ് ആപ് വഴി പാസ് കിട്ടാതെ വലഞ്ഞ് വിദ്യാർഥികൾ
വിദ്യാർഥികൾക്കുള്ള യാത്രാപാസ് വിതരണം ഓൺലൈനിൽ ലീഡ്‌സ് (ലോ എൻഫോഴ്‌സ്‌മെന്റ് ആൻഡ് ഡാറ്റ സിസ്റ്റം) ആപ് വഴിയാക്കിയത് ദുരിതമായ സാഹചര്യത്തിൽ പഴയ സംവിധാനം നിലനിർത്താൻ ആലോചനയുമായി മോട്ടോർ വാഹന വകുപ്പ്. ക്ലാസാരംഭിച്ച് ആഴ്‌ചകൾ പിന്നിട്ടിട്ടും മോട്ടോർ വാഹന വകുപ്പിന്റെ ലീഡ്‌സ് ആപ് വഴി പാസ് ലഭിക്കാത്തതിനാൽ അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികൾ ബസുകളിൽ ഫുൾടിക്കറ്റെടുത്ത് യാത്രചെയ്യാൻ നിർബന്ധിതരായി. വലിയ തുക ഫീസ് നൽകി അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ഫുൾടിക്കറ്റ് കൂടി എടുക്കുന്നത് വലിയ സാമ്പത്തികപ്രതിസന്ധിയാണുണ്ടാക്കുന്നത്. ത്രൂ സർവീസില്ലാത്ത റൂട്ടുകളിലെ വിദ്യാർഥികൾക്കാണ് വലിയ നഷ്‌ടം.
വിദ്യാർഥികളുടെ യാത്രാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന സ്‌റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയിൽ ലീഡ്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്‌തു. വരും ദിവസങ്ങളിലും പാസ് ലഭ്യമാക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിട്ടാൽ ലീഡ്‌സ് വഴി പാസ് നൽകുന്ന സംവിധാനം നിലനിർത്തി, നേരിട്ട് പാസ് നൽകുന്ന പഴയ സംവിധാനംകൂടി പരിഗണിക്കാമെന്ന് നിർദേശമുയർന്നു. എന്നാൽ അടുത്ത വർഷം വീണ്ടും മുഴുവനായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. കഴിഞ്ഞവർഷംവരെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ മോട്ടോർവാഹനവകുപ്പിന്റെ സബ് റീജണൽ ഓഫീസുകളിൽനിന്ന് നേരിട്ടാണ് പാസ് നൽകിയിരുന്നത്. കഴിഞ്ഞമാസമാണ് യാത്രാപാസ് വിതരണം ഓൺലൈനാക്കിയത്. പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾ പേരും യാത്രാവിവരങ്ങളും നൽകണം. പേരുകളടങ്ങിയ പട്ടിക കോളേജ് പോർട്ടലിൽ കയറി മേലധികാരി പരിശോധിച്ച് അപ്രൂവൽ നൽകും. തുടർന്ന് അപേക്ഷ സബ് ആർടിഒ ഓഫീസുകളിലെത്തും. അധികൃതർ അംഗീകാരം നൽകിയാൽ വിദ്യാർഥികൾക്ക് പാസ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം. എന്നാൽ ആപ്പിൽ കയറി വിദ്യാർഥികൾക്ക് പേരും യാത്രാവിവരങ്ങളും ടൈപ്പ് ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിലും അവ സബ്മിറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് പരാതി. കോഴിക്കോട് ആർടിഒ പരിധിയിൽ ഇതുവരെ 45 അപേക്ഷകൾ മാത്രമാണ് ഓൺലൈനായി വന്നതെന്ന് ആർടിഒ ജെബി ഐ ചെറിയാൻ പറഞ്ഞു. സംസ്ഥാനതലത്തിൽ വലിയ പ്രചാരണം നൽകിയെങ്കിലും ഓൺലൈൻ സംവിധാനത്തെക്കുറിച്ച് ആർക്കും വലിയ ധാരണ ഇല്ല. പരാതി ഉള്ളവർക്കായി അടുത്ത ദിവസം ഒരു യോഗംകൂടെ ചേരുമെന്നും ആർടിഒ പറഞ്ഞു.










0 comments