ദീപലേഖയുടേത് സർക്കാർ സ്‌പോൺസേഡ് മരണം: റിയാസ്

ദീപലേഖയുടെ വടകര മേപ്പയിലെ വിട് സന്ദർശിച്ച പി എ മുഹമ്മദ് റിയാസ് ഭർത്താവ് സുരേഷ് ബാബു ശ്രീസ്ഥയുമായി സംസാരിക്കുന്നു
വടകര ദീപലേഖയുടേത് സർക്കാർ സ്‌പോൺസേഡ് മരണമാണെന്നും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രസ്താവനയുമാണ് ഇതിന് കാരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് എംഎൽഎ പറഞ്ഞു. ആരോഗ്യ സ്ഥിതി മാനിക്കാതെ അന്യായമായി സ്ഥലംമാറ്റിയ മനോവിഷമത്തിൽ കുഴഞ്ഞുവീണു മരിച്ച മേപ്പയിൽ ശ്രീസ്ഥയിൽ ആർ ദീപലേഖയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിന് പരിക്കുപറ്റി പ്രയാസമനുഭവിക്കുന്ന ഘട്ടമായിട്ടും അവർക്ക് ന്യായമായി ലഭ്യമാകേണ്ട സ്ഥലംമാറ്റം നൽകാതെ പ്രയാസപ്പെടുത്തി. സ്ഥലംമാറ്റം ഇനിയുമുണ്ടാകും റെഡിയായിക്കൊള്ളൂ എന്ന് മുഖ്യമന്ത്രി വെല്ലുവിളിക്കുകയും അത് ഏറ്റെടുത്ത് ഉത്തരവാദപ്പെട്ടവർ എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ദീപലേഖയെ ദൂരസ്ഥലത്തേക്ക് സ്ഥലംമാറ്റുകയുമായിരുന്നു. നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ നീതി ലഭിച്ചില്ലെന്ന് മാത്രമല്ല കൂടുതൽ പ്രയാസപ്പെടുത്തുന്ന തീരുമാനം വന്നു എന്നറിഞ്ഞ ഉടനെയാണ് ദീപലേഖ കുഴഞ്ഞുവീണ് മരിച്ചത്. വൈരനിര്യാതന ബുദ്ധിയോടെ രാഷ്‌ട്രീയ വിരോധംവച്ച് ഇനിയും സ്ഥലംമാറ്റമുണ്ടാകുമെന്ന് പറഞ്ഞ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. ആയിരക്കണക്കിന് ജീവനക്കാരാണ് ഇന്ന് അന്യായമായ സ്ഥലംമാറ്റം കാരണം ദുരിതമനുവഭിക്കുന്നത്. ചിലർ മരണപ്പെടുന്നു, ചിലർ മാനസിക പ്രയാസത്തിലാവുന്നു. കേരളം ഇന്നുവരെ കാണാത്തതാണ് ഇത്. അന്യായമായ സ്ഥലംമാറ്റത്തിന്റെ രക്തസാക്ഷിയാണ് ദീപ ലേഖയെന്നും റിയാസ് പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, കെ പി ശ്രീജിത്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എൻ ഷിജിൻ തുടങ്ങിയവർ ഒപ്പമുണ്ടായി.









0 comments