നാടിന്റെ കുതിപ്പ്

സ്വന്തം ലേഖകന്‍
Published on Apr 07, 2026, 01:28 AM | 1 min read
അഞ്ചൽ
കിഴക്കൻ മേഖലയിലെ ഇടുങ്ങിയ റോഡിൽ ശ്വാസംമുട്ടിയിരുന്ന പഴയകാലം ഇനി ഓർമകളിൽ. അഞ്ചൽ ബൈപാസിലൂടെ ഒരു നാടിന്റെ ഗതാഗത ചരിത്രമാണ് തിരുത്തി എഴുതിയത്. തിരുവനന്തപുരം, കൊല്ലം, പരവൂർ, ചാത്തന്നൂർ, ആറ്റിങ്ങൽ, കടയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പുനലൂർ ഭാഗത്തേക്കും തിരികെയും പത്തനംതിട്ട, പുനലൂര്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്കും നഗരത്തില്‍ കയറാതെ പോകാം. നാടിന്റെ വ്യാവസായികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഒന്നാണ് ഇന്ന് അഞ്ചല്‍ ബൈപാസ്. 2.1 കിലോമീറ്റർ നീളവും 18മീറ്റർ വീതിയുമുള്ള ബൈപാസ്, വട്ടമൺ പാലത്തിനു സമീപത്തുനിന്ന് ആരംഭിച്ച് അഞ്ചൽ പുനലൂർ റോഡിൽ സെന്റ് ജോർജ് സ്കൂളിന് മുന്നിലാണ് അവസാനിക്കുന്നത്. 2002ലാണ് പ്രവൃത്തി ആരംഭിക്കുന്നത്. സ്ഥലമേറ്റെടുപ്പും അഞ്ചല്‍ കരിക്കാട് റോഡിന് വേണ്ടിയുള്ള കോളപ്പാലം നിര്‍മാണവും പ്രവൃത്തി വൈകിപ്പിച്ചു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ 123കോടി രൂപയ്ക്ക് പദ്ധതി യാഥാര്‍ഥ്യമാക്കി. മുപ്പതുവർഷത്തിലധികം കൃഷിയില്ലാതെ കാടുകയറിയ അഞ്ചൽ വയലാണ് ബൈപാസിന് വഴിമാറിയത്. കടയ്ക്കൽ തിരുമുടി എഴുന്നള്ളത്തിന്റെ ഭാഗമായി അഞ്ചൽ വയലിന്റെ മധ്യത്തുകൂടി കളരി ക്ഷേത്രത്തിലേക്ക് റോഡ് വെട്ടി. ഇതാണ് അഞ്ചൽ ബൈപാസായത്. മാർക്കറ്റ് ജങ്ഷൻ -പനയഞ്ചേരി റോഡ്, മാർക്കറ്റ് ജങ്ഷൻ -വെസ്റ്റ് സ്കൂൾ -ഗണപതിക്ഷേത്രം -പടിഞ്ഞാറ്റിൻകര റോഡ്, അഗസ്ത്യക്കോട് -ചീപ്പുവയൽ- അഞ്ചൽ റോഡ് കൂടാതെ പനയഞ്ചേരി ക്ഷേത്രത്തിനു തെക്ക് ഭാഗത്ത് കൂടി എക്സൈസ് ഓഫീസിനു പിന്നിൽകൂടി വരുന്ന റോഡും ബൈപാസിൽ വന്നുചേരുന്നു.










0 comments