ad
Deshabhimani

അസിസ്റ്റന്റ് ഡയറക്ടറില്ല

വിഎച്ച്എസ്ഇ സ്‌കൂളുകളുടെ 
പ്രവർത്തനം പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 19, 2026, 12:57 AM | 1 min read

കൊല്ലം

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കൊല്ലം മേഖലാ ഓഫീസിൽ അസിസ്റ്റന്റ്‌ ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. മെയ് 31-ന് നിലവിലുണ്ടായിരുന്ന അസിസ്റ്റന്റ്‌ ഡയറക്ടർ വിരമിച്ചു. ചെങ്ങന്നൂർ മേഖലാ അസിസ്റ്റന്റ് ഡയറക്ടർക്കായിരുന്നു താൽക്കാലിക ചുമതല. എന്നാൽ, പുതിയ അധ്യയന വർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും സ്ഥിരം നിയമനം നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. മുൻ വർഷങ്ങളിൽ ജൂൺ അഞ്ചിനകം മറ്റ് അസിസ്റ്റന്റ് ഡയറക്ടർമാർക്ക് അധിക ചുമതല നൽകി ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ നടപടിയുണ്ടാകാത്തത് ആശങ്ക സൃഷ്ടിച്ചു.​ സംസ്ഥാനത്തെ ഏഴ്‌ വിഎച്ച്എസ്ഇ മേഖലാ ഓഫീസുകളിൽ സ്കൂളുകളുടെയും ജീവനക്കാരുടെയും എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കൊല്ലം മേഖലയാണ്. മറ്റ് മേഖലകളിൽ 40 മുതൽ 65 വരെ സ്കൂളുകൾ മാത്രം ഉള്ളപ്പോൾ കൊല്ലം മേഖലയ്ക്ക് കീഴിൽ 93 സ്കൂളാണുള്ളത്. ഇതിൽ പകുതിയിലേറെയും എയ്ഡഡ് മേഖലയിലാണ്. ​അസിസ്റ്റന്റ് ഡയറക്ടറുടെ അഭാവം ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു. ജീവനക്കാരുടെ ശമ്പള ബില്ലുകൾ, പെൻഷൻ ആനുകൂല്യങ്ങൾ, പിഎഫ്, ഇൻക്രിമെന്റുകൾ, പ്രിൻസിപ്പൽമാരുടെയും മറ്റ് സ്ഥിരം/താൽക്കാലിക അധ്യാപക അനധ്യാപക ജീവനക്കാരുടെയും നിയമന അംഗീകാരങ്ങൾ തുടങ്ങിയവയെല്ലാം നിലച്ചമട്ടാണ്. വിഎച്ച്എസ്ഇ കൊല്ലം മേഖലയിൽ സ്ഥിരം അസിസ്റ്റന്റ് ഡയറക്ടറെ നിയമിച്ച് ജീവനക്കാരുടെയും വിദ്യാർഥികളുടെയും ആശങ്ക പരിഹരിക്കണമെന്ന്‌ കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ പി ഷിബുവും ജില്ലാ സെക്രട്ടറി എസ് ആകാശ്കുമാറും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home