വാഹനങ്ങളുടെ മാനുവൽ ഫിറ്റ്നസ് പരിശോധന അട്ടിമറിക്കുന്നു

കൊല്ലം
രണ്ട് ആഴ്ചത്തേക്ക് സർക്കാർ അനുവദിച്ച വാഹനങ്ങളുടെ മാനുവൽ ഫിറ്റ്നസ് പരിശോധന മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്ന് ഓട്ടോ ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു). ഇളവ് അനുവദിച്ച് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവ് പുറപ്പെടുവിച്ചത് 26നാണ്. എന്നാൽ, നാലുദിവസം കഴിഞ്ഞിട്ടും സിഎഫ് ടെസ്റ്റിന് ഫീസ് അടയ്ക്കാനുള്ള ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയില്ല. ട്രാൻസ്പോർട്ട് കമീഷണർ ഇറക്കിയ പുതിയ ഉത്തരവും പ്രായോഗികമല്ല. മാനുവൽ ടെസ്റ്റ് നടക്കുന്ന ആർടിഒ, ജോയിന്റ് ആർടി ഓഫീസുകളിലേക്ക് ഫീസ് അടച്ചശേഷം സിഎഫ് ടെസ്റ്റ് നടത്തേണ്ട ആർടി ഓഫീസിലേക്ക് ഫീസ് ട്രൻസ്ഫർ ചെയ്ത് സിഎഫ് ടെസ്റ്റ് ചെയ്യാൻ അനുവാദം നൽകുന്നതാണ് പുതിയ ഉത്തരവ്. സ്വകാര്യ കുത്തകകളായ എടിഎസ് സെന്ററുകളെ സഹായിക്കുന്നതാണ് മോട്ടോർവാഹന വകുപ്പിന്റെ നടപടി. അതത് ആർടിഒകളിൽ ഫീസ് അടച്ച് സിഎഫ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ സേതുമാധവൻ, സെക്രട്ടറി ജി ലാലുമണി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.







0 comments