ഇന്ന്
ഉത്രാടപ്പാച്ചിൽ

സ്വന്തം ലേഖകൻ
Published on Aug 25, 2026, 12:52 AM | 1 min read
കൊല്ലം
ഉത്രാടപ്പാച്ചിലിൽ നഗര– ഗ്രാമ വ്യത്യാസമില്ലാതെ ഓണവിപണികളിൽ പൂരത്തിരക്ക്. സദ്യവട്ടങ്ങളും ഓണക്കോടിയും പൂക്കളം ഒരുക്കാനുമൊക്കെ സാധനങ്ങൾ വാങ്ങാനുള്ള ഓട്ടപ്പാച്ചിലിൽ രാവിലെ മുതൽ നാടും നഗരവും തിരക്കിലമർന്നു. വില നിയന്ത്രണത്തിന് സർക്കാർ നടപടി സ്വീകരിക്കാത്തതോടെ അവശ്യസാധനങ്ങൾക്ക് അടക്കം വൻ വിലയാണ്. പൂരാടം ദിനമായ തിങ്കൾ രാവിലെ മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാരശാലകളിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. ഉത്രാടപ്പാച്ചിൽ നേരത്തെയെത്തിയ പ്രതീതിയായിരുന്നു പലയിടത്തും. വാഹനങ്ങളുടെ നീണ്ടനിര ഗതാഗതക്കുരുക്കിനും ഇടയാക്കി. സൂപ്പർ മാർക്കറ്റുകൾക്ക് പുറമെ ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഗാഡ്ജറ്റ്സ് തുടങ്ങിയ വ്യാപാരശാലകളിലും തിരക്ക് അനുഭവപ്പെട്ടു. ഓണവിപണി ലക്ഷ്യമിട്ട് വഴിയോരക്കച്ചവടക്കാരും നിരത്തുകളിൽ സജീവമാണ്. എന്നാൽ, രണ്ടുദിവസമായി ഇടയ്‌ക്കിടെ മഴ പെയ്യുന്നത് കച്ചവടക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.









0 comments