ഉഗ്രനാവാൻ ഉഗ്രൻകുന്ന്

സ്വന്തം ലേഖകന്‍
Published on Apr 18, 2026, 12:44 AM | 1 min read
കൊട്ടാരക്കര
മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഉഗ്രൻകുന്നിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കി ഭൂമി വീണ്ടെടുക്കുന്ന ബയോമൈനിങ് അവസാനഘട്ടത്തിൽ. കുമിഞ്ഞുകൂടിയ മാലിന്യം വേർതിരിച്ച് ജ്വലനശേഷിയുള്ളവ കോയമ്പത്തൂരിലെ ഡാൽമിയ സിമന്റ് കമ്പനിയിലേക്ക് കയറ്റിഅയയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ 249 മെട്രിക് ടൺ ആർഡിഎഫ് കയറ്റി അയച്ചു. 9090 മീറ്റർ ക്യൂബ് മാലിന്യമാണ് ഉഗ്രൻകുന്നിലുള്ളത്. പ്ലാസ്റ്റിക്, ചെരുപ്പ്, ചില്ലുകൾ തുടങ്ങിയവയാണ് മാലിന്യങ്ങളിൽ ഭൂരിഭാഗവും. ബയോ മൈനിങ്ങിന്റെ അവസാനഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ ബാക്ക് ഫില്ലിങ് ഈമാസം അവസാനം തുടങ്ങാനാണ് ലക്ഷ്യം. ബാക്ക് ഫില്ലിങ് കൂടി പൂർത്തിയായാൽ മാലിന്യം നിറഞ്ഞു കിടന്ന 40 സെന്റ് ഭൂമി മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകും. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയാണ് ബയോമൈനിങ് ജോലികൾ നടത്തുന്നത്. വർഷങ്ങളായി ആളനക്കമില്ലാതെ കിടക്കുന്ന പ്രദേശമാണ് ഉഗ്രൻകുന്ന്. തുടർന്നാണ് ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ചന്തയിലും നിന്നുള്ള മാലിന്യമാണ് വർഷങ്ങളായി ഉഗ്രൻകുന്നിൽ നിക്ഷേപിച്ചുവന്നത്. സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ മാലിന്യങ്ങൾ കുന്നുകൂടുകയായിരുന്നു. ടെൻഡർ നടപടികളിലൂടെ തെരഞ്ഞെടുത്ത നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എംഎസ് കമ്പനിയാണ് മാലിന്യം നീക്കി സ്ഥലം പൂർവാവസ്ഥയിലാക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്നത്. വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മികച്ച രീതിയിൽ നടപ്പാക്കുന്നതിനുമായി പ്രദേശവാസികളെ ഉൾപ്പെടുത്തി ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊഴിലാളികൾക്കുള്ള സുരക്ഷാ പരിശീലനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു. സാമൂഹ്യ പരിസ്ഥിതിക ചട്ടക്കൂടിന്റെ ഭാഗമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ബയോ മൈനിങ് നടത്തിയത്. യഥാസമയം ഉദ്യോഗസ്ഥർ പരിശോധനകളും നടത്തുന്നുണ്ട്.










0 comments