ഓടിയത് രണ്ട് സർവീസ് മാത്രം
പ്രതീക്ഷയുടെ ചൂളംവിളി നിലച്ചു, പഴനി ട്രെയിൻ ഇനിയില്ല

കൊല്ലം
കൊല്ലം– - പുനലൂർ– - ചെങ്കോട്ട റെയിൽവേ പാതയിൽ ഓടിയ തിരുവനന്തപുരം പോത്തന്നൂർ എക്സ്പ്രസിന്റെ സർവീസ് കാലാവധി വ്യാഴാഴ്ച അവസാനിച്ചു. മീറ്റർ ഗേജ് കാലഘട്ടത്തിൽ ഉണ്ടായിരുന്ന പളനി വഴിയുള്ള കൊല്ലം- കോയമ്പത്തൂർ സർവീസിന് പകരമായി ആണ് പോത്തന്നൂർ എക്സ്പ്രസ് ഈ മാസം മൂന്നിന് അനുവദിച്ചത്. എന്നാൽ, രണ്ട് സർവീസ് മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് സർവീസ് നീട്ടുമെന്ന് യാത്രക്കാർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. യാത്രക്കാർക്ക് ഉപയോഗപ്രദമല്ലാത്ത സമയ ക്രമത്തിലാണ് രണ്ട് സർവീസ് നടത്തിയത് എന്നാക്ഷേപമുണ്ട്. എന്നിട്ടും സ്ലീപ്പർ ക്ലാസുകൾ നിറഞ്ഞിരുന്നു. സർവീസ് തിരുവനന്തപുരത്തുനിന്നും ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. ഈ സമയം മാറ്റി വൈകിട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ പഴനിയിൽ എത്തുന്ന രീതിയിൽ സമയം ക്രമീകരിച്ച് സർവീസ് തുടരണണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പൊതുവേ ട്രെയിൻ സർവീസുകൾ കുറവായ കൊല്ലം - – പുനലൂർ– -ചെങ്കോട്ട പാതയിൽ തിരുവനന്തപുരം -പഴനി പോത്തന്നൂർ ട്രെയിൻ കൂടി നിർത്തലാക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. തെക്കൻ കേരളത്തിൽ നിന്ന് പഴനിയിലേക്ക് പോകാൻ ആകെയുള ട്രെയിൻ പാലക്കാട് വഴിയുള്ള അമൃത എക്സ്പ്രസ് മാത്രമാണ്. പ്രധാനമായും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ യാത്രക്കാരാണ് ആ സർവീസിന് ആശ്രയിക്കുന്നത്. കൊല്ലം- ചെങ്കോട്ട പാതയിൽ അനുവദിച്ച തിരുവനന്തപുരം - പോത്തന്നൂർ സർവീസ് ഏറെ പ്രയോജനകരമായിരുന്നു. യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമായ സമയക്രമത്തിൽ ഈ ട്രെയിൻ ഓടിച്ചാൽ റെയിൽവേയ്ക്കും സാമ്പത്തികമായി നേട്ടമാകും. അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയതിനുശേഷം ടിക്കറ്റ് ലഭിക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. യാത്രക്കാരുടെ ഈ ദുരിതം പരിഹരിക്കുവാൻ തിരുവനന്തപുരം പോത്തന്നൂർ എക്സ്പ്രസിന് സാധിക്കും. ഈ സർവീസ് നിർത്തലാക്കാതെ തുടർന്നും ഓടിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ റെയിൽവേയ്ക്ക് നിവേദനം നൽകി.








0 comments