സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം
ഇത് ഞായപ്പള്ളിക്കാരുടെ വികസന സ്വപ്‍നങ്ങൾ

സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി സന്നദ്ധ സേനാംഗങ്ങളോട് ആവശ്യങ്ങൾ വിശദീകരിക്കുന്ന വെളിയം ഞായപ്പള്ളി ഉന്നതി നിവാസികൾ
എ അഭിലാഷ്
Published on Jan 04, 2026, 12:47 AM | 1 min read
എഴുകോൺ
ഞങ്ങളുടെ കുട്ടികൾക്ക് ഇരുന്നുപഠിക്കുന്നതിന് കൂടി സൗകര്യമുള്ള സാംസ്കാരിക നിലയം വേണമെന്ന് വെളിയം ഞായപ്പള്ളി ഉന്നതിയിലെ സുനിത പറയുമ്പോൾ സംസ്ഥാന സർക്കാരിലുള്ള വിശ്വാസവും പ്രതീക്ഷയും ആ മുഖത്ത് കാണാം. നവകേരളത്തിനായി സർക്കാർ നടപ്പാക്കുന്ന സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി ജനങ്ങൾ കൂട്ടമായി താമസിക്കുന്ന ഫോക്കസ് ഗ്രൂപ്പുകളിലെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്നതിന് വെളിയം ഞായപ്പള്ളി നഗറിൽ എത്തിയ സന്നദ്ധസേനാംഗങ്ങളോട് സംസാരിക്കുകയായിരുന്നു സുനിത. ഉന്നതിയുടെ അതിർത്തി നിശ്ചയിച്ച് ചുറ്റുമതിൽ നിർമിക്കണമെന്നും കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും സുനിത ആവശ്യപ്പെട്ടു. പൊതുശ്മശാനം വേണമെന്ന ആവശ്യം നിർമല ഉന്നയിച്ചപ്പോൾ ലൈഫ് പദ്ധതിയിൽ വീട് നൽകുന്നതിനെക്കുറിച്ച് അജിതയും കലയും പറഞ്ഞു. പൂട്ടിയ കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റണമെന്ന് കശുവണ്ടിത്തൊഴിലാളിയായ രമണി പറഞ്ഞു. വെളിയം പുതുവീട് നഗറുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമിക്കണമെന്ന് ബിജിത ആവശ്യപ്പെട്ടു. പെൻഷൻ തുക 2500 രൂപയാക്കണമെന്നതായിരുന്നു പത്മിനിയുടെ ആവശ്യം. സർക്കാർ നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ തൃപ്തികരമാണെന്നും ഇടതുപക്ഷ സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും ഞായപ്പള്ളിക്കാർ ഒരേ സ്വരത്തിൽ പറഞ്ഞു. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും സന്നദ്ധസേനാംഗങ്ങൾ എഴുതിയെടുത്തു. സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി ജനങ്ങൾ കൂട്ടമായി താമസിക്കുന്ന ഫോക്കസ് ഗ്രൂപ്പുകളിലെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്ന പരിപാടി കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാൽ ഞായപ്പള്ളി ഉന്നതിയിൽ ഉദ്ഘാടനംചെയ്തിരുന്നു.









0 comments