ad
Deshabhimani

അഖിലിന്റെ ജീവിതത്തിനെന്ത് മധുരം

വി ജെ അഖിൽ തേൻ കൃഷി പരിപാലനത്തിൽ
avatar
എ അഭിലാഷ്‌

Published on Jul 21, 2026, 12:43 AM | 2 min read

എഴുകോൺ

അന്നൂർ ഗ്രാമഭംഗി അതിമനോഹരമാണ്. വി ജെ അഖിൽ എന്ന ചെറുപ്പക്കാരന്റെ മധുരിതമായ ജീവിതം കൂടെ ചേര്‍ന്നാണ് ഗ്രാമം ആ ഭംഗി കൈവരിച്ചത്. തേനീച്ച വളര്‍ത്തലും അനുബന്ധ കൃഷികളുമാണ് ഈ യുവകർഷകന്റെ ജീവിതം മധുരമാക്കുന്നത്. എട്ടുവർഷം മുമ്പാണ് അന്നൂർ ചാന്തൂർ പാറവിള വീട്ടിൽ വി ജെ അഖിൽ തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത്. ശാസ്ത്രീയ അറിവോ പരിചരണരീതികളോ അറിയാതെയായിരുന്നു തുടക്കം. ഹോർട്ടികോർപിന്റെ പരിശീലന പരിപാടികളിലൂടെ തേനീച്ച വളര്‍ത്തലില്‍ അറിവ് നേടി. പരിചരണം, വിഭജനം, തേനെടുക്കേണ്ട കാലം, തേനെടുക്കേണ്ട രീതികൾ എന്നിവ മനസ്സിലാക്കി. വീടിനു സമീപത്തെ പുരയിടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചു. തേനീച്ചകളെപ്പോലെ വിശ്രമം ഇല്ലാത്ത ജീവിതമായിരുന്നു പിന്നീട്. ക്ഷമയോടെ തേനീച്ചകൾക്കൊപ്പം ചെലവഴിച്ചു. പതിയെ തേനീച്ചകൾ തേനും അതുവഴി വരുമാനവും സമ്മാനിച്ചതോടെ അഖിലിന്റെ ജീവിതം മധുരം നുണഞ്ഞുതുടങ്ങി. തേനിൽനിന്ന് വിവിധ മൂല്യവർധിത വസ്തുക്കളും വിപണിയിൽ എത്തിച്ചു. തേൻ ഉപയോഗിച്ചുള്ള സോപ്പ് നിർമാണം യൂട്യൂബിലൂടെ പഠിച്ച അഖിൽ ഇപ്പോൾ കറ്റാർവാഴ, ശംഖുപുഷ്പം, രക്തചന്ദനം, ആര്യവേപ്പ് എന്നിവ ചേർത്ത് സോപ്പുകൾ നിർമിക്കുകയാണ്. വിപണിയിൽ വ്യാപകമായില്ലെങ്കിലും സുഹൃത്തുക്കളും ബന്ധുക്കളുമായി അഖിലിന്റെ തേൻ സോപ്പിന് ആവശ്യക്കാർ ഏറെയാണ്. ഡ്രൈ ഫ്രൂട്ട്സും തേനും ചേർത്ത് പ്രത്യേക ഭക്ഷണവിഭവവും തയ്യാറാക്കി വിപണിയിൽ എത്തിച്ചിട്ടുണ്ട്. തേനിന്റെ സിപ്‌ അപ്‌ നിർമാണത്തിലേക്ക് കടക്കുകയാണ് അടുത്ത ലക്ഷ്യം. തേൻ പെട്ടി സ്ഥാപിച്ച പുരയിടത്തിൽ വൈവിധ്യ സസ്യങ്ങളും അഖിൽ കൃഷി ചെയ്യുന്നുണ്ട്. ഏറ്റവും നീളം കൂടിയതും രുചികരവുമായ പ്രത്യേക ഇനമായ പാകിസ്ഥാൻ മൾബറി തേൻ പെട്ടികൾക്കിടയിൽ വളര്‍ത്തുന്നുണ്ട്. പ്രത്യേക ഇനം ബ്ലാക്ക് സുറീനാം ചെറി, സ്റ്റാർ ഫ്രൂട്ട്, സപ്പോട്ട, പീനട്ട്, ലോങ്കൻ, ആപ്പിൾ ചാമ്പ, ചെറി, കൈതച്ചക്ക, കറുവപ്പട്ട, അശോകം, നാരകം, ഊത്, റമ്പൂട്ടാൻ, പാഷൻ ഫ്രൂട്ട്, റെഡ് ലേഡി പപ്പായ, മംഗള കവുങ്ങ്, പ്ലാവുകൾ എന്നിവ പറമ്പിൽ തേനീച്ചകളുടെ വിഹാരകേന്ദ്രമാണ്. കൂടാതെ ചേന, ചേമ്പ്, കാച്ചിൽ എന്നിവയുടെ കൃഷിയുമുണ്ട്. എഐയുടെ കാലത്ത് കൃഷിയിൽ പുതുലോകം കണ്ടെത്തുകയാണ് അഖിൽ. മിൽമയിലെ ജീവനക്കാരനും കർഷകസംഘം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗവുമാണ്. ഭാര്യ രേഷ്മയും മകൾ ഐതികയും അമ്മ ജയശ്രീയും അഖിലിനൊപ്പമുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home