ad
Deshabhimani

ഇന്ന്‌ പെന്നോണം

ഓണത്തിരക്കിലലിഞ്ഞ്‌ നാട്

ഉത്രാട പാച്ചിലായ ഇന്നലെ അവസാനഘട്ട ഒരുക്കങ്ങൾക്കായി വിപണിയിലേക്ക് എത്തിയവരുടെ തിരക്ക്. 
ചിന്നക്കടയിൽനിന്നുള്ള കാഴ്ച്ച

ഉത്രാട പാച്ചിലായ ഇന്നലെ അവസാനഘട്ട ഒരുക്കങ്ങൾക്കായി വിപണിയിലേക്ക് എത്തിയവരുടെ തിരക്ക്. 
ചിന്നക്കടയിൽനിന്നുള്ള കാഴ്ച്ച

avatar
സ്വന്തം ലേഖിക

Published on Aug 26, 2026, 12:48 AM | 1 min read

കൊല്ലം

ഓണത്തിരക്കിലലിഞ്ഞ്‌ നാടും നഗരവും. ഓണത്തിന്റെ അവസാനവട്ട ഒരുക്കത്തിന്റെ കാഴ്‌ചകളായിരുന്നു ഉത്രാടപ്പാച്ചിലിൽ ജില്ലയിലെങ്ങും. ഓണസദ്യ വിഭവസമൃദ്ധമാക്കാനും ഓണക്കോടി വാങ്ങാനും ആളുകൾ കുടുംബസമേതം ഇറങ്ങിയതോടെ ഉത്രാടപ്പാച്ചിലിൽ കച്ചവടം പൊടിപൊടിച്ചു. തുണിക്കടകൾ അടക്കമുള്ള കടകളില്‍ ജനങ്ങൾ തിക്കിത്തിരക്കി. പൂരാടം ദിനത്തിലുണ്ടായ ഇടവിട്ടുള്ള ചെറുമഴ മാറി ഉത്രാടദിനത്തിൽ വെയിൽ പരന്നത്‌ വ്യാപാരമേഖലയ്‌ക്കും ഗുണമായി. എന്നാൽ, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ എല്ലാ സാധനങ്ങൾക്കും വില കുതിച്ചുയർന്നിട്ടും വിപണിയിൽ ഇടപെടാൻ സർക്കാർ തയ്യാറാകാഞ്ഞത്‌ എല്ലാവര്‍ക്കും തിരിച്ചടിയായി. നാടൻ പച്ചക്കറികളുമായി കുടുംബശ്രീയും സ്വാശ്രയ സ്വയംസഹായ സംഘങ്ങളും കർഷക സമിതിക്കാരും ഒരുക്കിയ നാട്ടുചന്തകളിലും കവലകളിലെ പച്ചക്കറി സ്റ്റാളിലും കച്ചവടം ഉഷാറായി. ചൊവ്വ രാവിലെ മുതൽ തന്നെ ഇവിടങ്ങളിൽ എല്ലാം നല്ല തിരക്കായിരുന്നു. പ്രധാന നഗരങ്ങളിൽ പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. അതിനിടെ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഓണാഘോഷങ്ങളും സജീവമായി. ഫ്ലാറ്റുകളിലും റസിഡൻസ്‌ അസോസിയേഷനുകളും സ്വകാര്യ സ്ഥാപനങ്ങളും അവസാനവട്ട ഓണാഘോഷ തിരക്കിലായിരുന്നു. കൊല്ലം ചിന്നക്കടയിലും ചാമക്കട മാർക്കറ്റിലും രാവിലെ മുതൽ തിരക്ക് ഇരട്ടിയായിരുന്നു. പ്രധാനമായും ഓണസദ്യയ്ക്കുള്ള പച്ചക്കറികളാണ് ഇവിടെ വിറ്റഴിഞ്ഞത്‌. ഓണാഘോഷം ലക്ഷ്യമിട്ട് ലോഡ് കണക്കിനു പച്ചക്കറികളാണ് രണ്ടു ദിവസങ്ങളിലായി മാർക്കറ്റിലെത്തിയത്. കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലും ഗ്രാമ പ്രദേശങ്ങളിലെ വ്യാപാര ശാലകളിലും വൻതിരക്കായിരുന്നു. വൻകിട, ചെറുകിട ഭേദമില്ലാതെ തുണിക്കടകളിൽ നല്ല തിരക്കുണ്ടായി. കൈത്തറി മേളയിലേക്കും പരമ്പരാഗത കാർഷിക വ്യാവസായിക ഉൽപ്പന്നമേളയിലേക്കും രാവിലെ മുതൽ തന്നെ ആളുകളെത്തി. പാത്രങ്ങളും മൺചട്ടികളും വസ്‌ത്രങ്ങളും ചെരുപ്പുമടക്കം ആവശ്യമുള്ളതെല്ലാമായി വഴിയോരക്കച്ചവടക്കാരും രംഗത്തുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home